കുറ്റിക്കോൽ അടിപ്പാതയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കും: എം.വി. ഗോവിന്ദൻ
1583714
Thursday, August 14, 2025 12:59 AM IST
തളിപ്പറമ്പ്: ദേശീയപാത കുറ്റിക്കോൽ അടിപ്പാതയിൽ മഴക്കാലത്തെ വെള്ളക്കെട്ട് ഉൾപ്പടെയുള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഒരാഴ്ചയ്ക്കകം നിർദേശം സമർപ്പിക്കാൻ എം.വി. ഗോവിന്ദൻ എംഎൽഎ റവന്യൂ -ദേശീയപാതാ വിഭാഗത്തോട് ആവശ്യപ്പെട്ടു. ഇന്നലെ കുറ്റിക്കോലിലെ അടിപ്പാത സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ദേശീയ പാതയിലൂടെ തളിപ്പറമ്പിലേക്ക് വരുന്ന വാഹനങ്ങൾക്ക് തടസങ്ങളില്ലാതെ നഗര ത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്ന വിധത്തിൽ ഗതാഗതം സജ്ജീകരിക്കണം. മഴക്കാലത്ത് അടിപ്പാതയിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ നടപടി ഉണ്ടാവണമെന്നും എംഎൽഎ ആവശ്യപ്പെട്ടു
നിലവിലെ അലൈൻമെന്റ് പ്രകാരം സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ അടിപ്പാത വഴിയും വലിയ വാഹനങ്ങൾ കുറ്റിക്കോൽ നിന്ന് ജംഗ്ഷനിൽ സർക്കിൾ വഴി നേരിട്ടും പഴയ ദേശീയപാതയിലേക്ക് പ്രവേശിക്കാനുമാണ് സൗകര്യമൊരുക്കുന്നതെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. അടിപ്പാതയുടെ ഇരുവശത്തുകൂടെയും മഴവെള്ളമുൾപ്പടെ ഒഴുക്കി വിടാൻ ഡ്രെയ്നേജ് ഉണ്ടാകുമെന്നും അറിയിച്ചു.
തളിപ്പറമ്പ് ആർഡിഒ സി.കെ. ഷാജി, തഹസിൽദാർ കെ. സജീവൻ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥൻ, കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.