ദേവസ്വം ബോർഡ് ചെയർമാനും കമ്മീഷണറും പരിശോധനയ്ക്കെത്തും
1583709
Thursday, August 14, 2025 12:59 AM IST
ചപ്പാരപ്പടവ്: ചുഴലി വില്ലേജിലെ മാവിലമ്പാറയിൽ അനധികൃത ചെങ്കൽ ഖനനം നടക്കുന്ന പ്രദേശം ദേവസ്വം അസി.കമ്മീഷണർ കെ.പി . പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. നേരത്തെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.വി. ഗോവിന്ദൻ എംഎൽഎയ്ക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പടപ്പേങ്ങാട് ദേവസ്വം എക്സികുട്ടീവ് ഓഫീസർ കെ.കെ. ഗംഗാധരൻ, ആക്ഷൻ കമ്മറ്റി ചെയർമാനും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സുനിജ ബാലകൃഷ്ണൻ, ചെങ്ങളായി പഞ്ചായത്ത് അംഗം കെ. ശിവദാസൻ, ചുഴലി വില്ലേജ് ഓഫീസർ എ.പി. രാജൻ, വില്ലേജ് അസിസ്റ്റൻഡ് പ്രഭാകരൻ, ആക്ഷൻ കമ്മറ്റി കൺവീനർ എ. എൻ. വിനോദ്, കമ്മിറ്റി അംഗങ്ങളായ മനോജ് ശാസ്താംപടവിൽ , വിൽസൺ കിഴക്കേക്കര എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ദേവസ്വം ബോർഡ് ചെയർമാനും കമ്മീഷണറും ഈ മാസം അവസാനം സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അസി. കമ്മീഷണർ അറിയിച്ചു. 1300 ഏക്കർ ഭൂമി ടിടികെ ദേവസ്വം, പടപ്പേങ്ങാട് ദേവസ്വം എന്നിവരുടേതാണ്. ഇതിൽ ഏകദേശം 150 ഏക്കറോളം ഭൂമി കൈയേറി ചെങ്കൽപ്പണ നടത്തി എന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഈ അടുത്ത കാലത്ത് റീ സർവേ നടന്നെങ്കിലും രേഖയില്ലാതെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈവശമാക്കിയവരുടെ ഭൂമിയെ കുറിച്ചും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. മാവിലമ്പാറയിലെ ചെങ്കൽ പണയിൽ നിന്നും ഉണ്ടാവുന്ന ദുരിതങ്ങൾ അനുഭവിക്കുന്നത് താഴ്ന്ന പ്രദേശമായ ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട് ബാലേശുഗിരി നിവാസികളാണ്.