ഓര്‍മകളും അനുഭവങ്ങളും പങ്കുവച്ച് സെമിനാരിയിലെ പൂർവവിദ്യാർഥികൾ
1583468
Wednesday, August 13, 2025 2:08 AM IST
ഇരിട്ടി: ദൈവശാസ്ത്ര പഠനത്തിന്റെ ഓർമകളുടെ മുറ്റത്ത് ഒരിക്കൽ കൂടി ഒത്തുകൂടി വൈദികർ . കുന്നോത്ത് ഗുഡ് ഷെപ്പെർഡ് മേജർ സെമിനാരിയുടെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ വിദ്യാർഥി സംഗമത്തിലാണ് വൈദികർ ഒത്തുകൂടിയത്.
ഓർമകളും അനുഭവങ്ങളും പഠന കാലത്തിന്റെ ഓർമകളും പങ്കുവച്ച് വൈദികർ തങ്ങളുടെ അധ്യാപകരുടെയും റെക്ടർ അച്ചൻമാരുടെയും മുന്നിൽ പഴയ വിദ്യാർഥികളായി മാറി.വർഷങ്ങൾക്ക് ശേഷം ലോകത്തിന്റെ വിവിധ കോണുകളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരാണ് കുന്നോത്ത് മേജർ സെമിനാരിയിൽ ഒത്തു ചേർന്നത്. 2008 മുതൽ സീറോ മലബാർ സഭയുടെ വിവിധ രൂപതകൾ, സന്യാസ ഭവനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി കുന്നോത്ത് സെമിനാരിയിൽ പഠിച്ചിറങ്ങി വൈദിക പട്ടം സ്വീകരിച്ച 200 ഓളം വൈദികർ സംഗമത്തിൽ പങ്കെടുത്തു.
സെമിനാരിയിലെ പ്രഫസറായിരുന്ന മാർ തോമസ് പാടിയത്ത്, സെമിനാരിയുടെ പ്രഥമ റെക്ടർ റവ.ഡോ.ജോസഫ് കുഴിഞ്ഞാലിൽ, റെക്ടർമാറായിരുന്ന റവ.ഡോ.ജോർജ് പുളിക്കൽ,റവ.ഡോ.തോമസ് ആനിക്കുഴിക്കാട്ടിൽ, റവ.ഡോ. മാണി ആട്ടേൽ, ഫാ. സൈമൺ വള്ളോപ്പള്ളിൽ , ഇപ്പോഴത്തെ റെക്ടർ റവ.ഡോ.മാത്യു പട്ടമന എന്നിവർ പ്രസംഗിച്ചു. റവ. ഡോ. ആന്റണി തറേക്കടവിൽ, റവ. ഡോ. ജോസ് കൂടപ്പുഴ എന്നിവർ നേതൃത്വം നൽകി.