ആയുർവേദ ചികിത്സാരംഗത്ത് കേരളം മാതൃക: മന്ത്രി വീണാ ജോർജ്
1583187
Tuesday, August 12, 2025 1:16 AM IST
പരിയാരം: ആയുർവേദ ചികിത്സാ രംഗത്ത് ഗുണമേന്മ ഉറപ്പുവരുത്താൻ സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി വീണാ ജോർജ്.
പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ കോളജിലെ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഓപ്പൺ എയർ സ്റ്റേജിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആയുർവേദ ചികിത്സാരംഗത്ത് അക്രഡിറ്റേഷൻ സമ്പ്രദായം കൊണ്ടുവന്ന് 250ഓളം എൻഎബിഎച്ച് അക്രഡിറ്റഡ് ആയുഷ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.
ആയുർവേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ആയുർവേദ മേഖലയ്ക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രവൃത്തി അതിവേഗം മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു. എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.