കേരളത്തിന്റെ ആരോഗ്യ മേഖലയെ താറടിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ കോര്‍പ്പറേറ്റ് ഭീമന്മാര്: മുഖ്യമന്ത്രി
1583203
Tuesday, August 12, 2025 1:16 AM IST
കണ്ണൂര്‍: കേരളത്തിലെ മികവാര്‍ന്ന ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള ശ്രമം രാജ്യാന്തര കോര്‍പ്പറേറ്റ് ഭീമന്മാരുടെ ഇടപെടലിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലാ ആശുപത്രി സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. നല്ല സൗകര്യം സര്‍ക്കാര്‍ ആശുപത്രിയില്‍ ഉള്ളപ്പോള്‍ മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതെന്തിനെന്ന് ആളുകള്‍ ചോദിക്കും.
അതു തകര്‍ക്കണം എന്നതാണ് രാജ്യാന്തര ഭീമന്മാരുടെ ലക്ഷ്യം. അതിനായി വിലയ്ക്കെടുക്കേണ്ടവരെ അവര്‍ വിലയ്ക്കെടുക്കും. പല മാര്‍ഗങ്ങളും പല വഴികളും അവര്‍ തേടും. കേരളത്തിലെ മികവാര്‍ന്ന ആരോഗ്യരംഗത്തെ താറടിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ രാജ്യാന്തര കമ്പനികള്‍ സ്വന്തമാക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു: ബോര്‍ഡും ജീവനക്കാരും പഴയതായിരിക്കും. നിരക്ക് പുതിയതാകും. ലാഭം വര്‍ധിപ്പിക്കാനുള്ള ഇടം എന്ന തരത്തിലേക്ക് ആശുപത്രി മാറി. കാശ് ഈടാക്കാന്‍ പറ്റിയ ഏതെല്ലാം പരിശോധന ഉണ്ടോ അതെല്ലാം നടക്കട്ടെ എന്ന നിലയാണ്. ടാര്‍ഗറ്റും ക്വാട്ടയും നിശ്ചയിച്ചു നല്‍കുകയാണ്.
ആ ക്വാട്ടയിലേക്ക് എത്താത്ത ഡോക്ടർമാർക്ക് അവിടെ തുടരാനാകില്ല. ഇതിന്റെയൊക്കെ ചെറിയ രൂപം ഏതാനും സ്വകാര്യ ആശുപത്രികളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്താരാഷ്ര്ട ഭീമന്മാര് വരുമ്പോള്‍ അതിന്റെ രൂപവും ഭാവവും മാറുകയാണ്. അത്തരം ശക്തികള്‍ ഇങ്ങോട്ടു വരുമ്പോള്‍ ആ ശക്തികള്‍ക്ക് നല്ല ഒരന്തരീക്ഷം ഇവിടെ വേണം.
അതിന് ആവശ്യമായിട്ടുള്ളത് മറ്റു പ്രധാനപ്പെട്ട സമാന്തര മേഖലകള്‍ ഇല്ലാതിരിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1,498.5 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് സർക്കാർ ചെലവിട്ടത്. പൊതുജനങ്ങൾക്ക് സൗജന്യമായി മരുന്ന് നൽകാൻ മെഡിക്കൽ സർവീസസ് കോർപറേഷനിലൂടെ മാത്രം 3,300 കോടിയോളം രൂപ ചെലവഴിച്ചു.
42.5 ലക്ഷം കുടുംബങ്ങളാണ് സൗജന്യ ചികിത്സാ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമ ന്ത്രി പറഞ്ഞു.
മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ ഷംസീർ, മന്ത്രി കടന്നപ്പള്ളി മന്ത്രി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.