കശുമാവുകൾക്കായി കാസർഗോട്ടെത്തിയ സൂരജ്
1583725
Thursday, August 14, 2025 12:59 AM IST
ശ്രീജിത്
കൃഷ്ണൻ
കാസർഗോഡ്: സംസ്ഥാനത്ത് കശുമാവ് കൃഷിക്ക് ഏറ്റവും പേരുകേട്ട ജില്ലയാണ് കാസർഗോഡ്. പക്ഷേ കഴിഞ്ഞ ഏതാനും വർഷങ്ങളായി കശുമാവ് കൃഷിയെക്കുറിച്ച് ഓർക്കുമ്പോൾതന്നെ എൻഡോസൾഫാൻ വിഷബാധയുടെ കയ്പേറിയ അനുഭവങ്ങളും കാസർഗോട്ടുകാരുടെ മനസിൽ വന്നുനിറയാറുണ്ടായിരുന്നു.
എന്നാൽ പുതിയ കാലത്ത് കീടനാശിനികളോ രാസവളങ്ങളോ ഒന്നും ഉപയോഗിക്കാതെതന്നെ തികച്ചും ജൈവരീതിയിൽ കശുമാവിൻ തൈകൾ ഉത്്പാദിപ്പിക്കാനും നട്ടുവളർത്തി മികച്ച വിളവുണ്ടാക്കാനും കഴിയുമെന്ന് പഠിപ്പിച്ച സ്ഥാപനമാണ് കാസർഗോഡിന് കിഴക്ക് സംസ്ഥാന അതിർത്തിക്കു സമീപം കൃഷിവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആദൂർ-ഗാളിമുഖ കാഷ്യു പ്രൊജനി ഓർച്ചാഡ്. ജന്മനാടായ കോഴിക്കോട്ടുനിന്നും സ്വന്തം ആഗ്രഹപ്രകാരം സ്ഥലംമാറ്റം വാങ്ങിയെത്തി നാലുവർഷമായി ഇവിടുത്തെ എല്ലാ പ്രവർത്തനങ്ങളെയും മുന്നിൽനിന്നു നയിക്കുകയാണ് ഫാം ഓഫീസറായ എൻ. സൂരജ്. സംസ്ഥാന കൃഷിവകുപ്പിന്റെ ഈ വർഷത്തെ മികച്ച ഫാം ഓഫീസർക്കുള്ള പുരസ്കാരം ഈ പ്രവർത്തനമികവിനുള്ള അംഗീകാരമാണ്.
കശുമാവ് വികസന ഓഫീസറുടെ അധിക ചുമതല കൂടി ഏറ്റെടുത്തുകൊണ്ടാണ് സൂരജ് ഇവിടെയെത്തിയത്. 250 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ആദൂർ ഫാമിൽ ഉത്പാദിപ്പിക്കുന്ന മികച്ചയിനം കശുമാവിൻ തൈകൾ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും കർണാടകയിലേക്കുമെല്ലാം വിതരണത്തിനെത്തുന്നുണ്ട്. കഴിഞ്ഞവർഷം ഒരു കോടിയിലേറെ രൂപയുടെ റിക്കാർഡ് വിറ്റുവരവാണ് ഈ സ്ഥാപനം നേടിയത്. വിവിധ ഇനങ്ങളിൽപ്പെട്ട 1.62 ലക്ഷം കശുമാവിൻ തൈകളാണ് ഇവിടെ ഉത്പാദിപ്പിച്ച് കശുമാവ് വികസന ഏജൻസി മുഖേന സംസ്ഥാനത്തുടനീളം വിതരണം ചെയ്യപ്പെട്ടത്.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനു കീഴിൽ കർണാടകയിലെ പുത്തൂരിലുള്ള കശുമാവ് ഗവേഷണകേന്ദ്രത്തിൽ പുതുതായി വികസിപ്പിച്ചെടുത്ത നേത്ര ജംബോ, നേത്രഗംഗ, ഉദയ, കർണാടകയിൽ നിന്നുള്ള ഭാസ്കര തുടങ്ങിയ സവിശേഷ ഇനങ്ങളും ഇവിടെ വിതരണത്തിനായി നട്ടുവളർത്തുന്നുണ്ട്.
കശുമാവിന് പുറമേ ഒട്ടുമാവിൻ തൈകൾ, കുറിയ ഇനം തെങ്ങിൻതൈകൾ, ഒട്ടുപ്ലാവ്, പേര, കുരുമുളക് എന്നുതുടങ്ങി ഡ്രാഗൺ ഫ്രൂട്ട് വരെ തികച്ചും ശാസ്ത്രീയവും ജൈവവുമായ രീതിയിൽ ഇവിടെ വളർത്തിയെടുക്കുന്നുണ്ട്. വിവിധതരം അലങ്കാരച്ചെടിയും ചെണ്ടുമല്ലികൃഷിയും വേറെയും. അതതു സീസണുകളിൽ ഇവയിൽ നിന്നെല്ലാമുള്ള ഉത്പന്നങ്ങളും വില്പന നടത്താറുണ്ട്. ഒരുകാലത്ത് പുല്ലുമാത്രം വളർന്നുനിന്നിരുന്ന പാറപ്രദേശമാണ് ഇപ്പോൾ വിനോദസഞ്ചാരകേന്ദ്രങ്ങളെ വെല്ലുന്ന തരത്തിൽ മനോഹരമായത്.
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജനയിൽ 2.77 കോടി രൂപയുടെ പുതിയ പദ്ധതികളാണ് അടുത്തിടെ ഈ സ്ഥാപനത്തെ തേടിയെത്തിയത്. ഇതിന്റെ ഭാഗമായി കശുവണ്ടി സംസ്കരണ യൂണിറ്റ്, വില്പനകേന്ദ്രം, മ്യൂസിയം, പരിശീലനകേന്ദ്രം, ജലസംഭരണി, ഫാം ടൂറിസം എന്നിവ നടപ്പാക്കാനാണ് പദ്ധതി. കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ സ്വന്തമായി ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ഫാമിൽ സ്ഥാപിച്ചിട്ടുണ്ട്. കീടനാശിനികൾക്കു പിന്നാലെ രാസവളങ്ങളുടെയും ഉപയോഗം പൂർണമായും അവസാനിപ്പിച്ച് കാർബൺ ന്യൂട്രൽ പദവി നേടുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
കശുമാവുകളുമായി ബന്ധപ്പെട്ട മേഖലയിൽ തന്നെ പഠനം നടത്തിയ ഭാര്യ അശ്വതി ചന്ദ്രകുമാർ ഇപ്പോൾ പുത്തൂരിലെ കേന്ദ്ര കശുമാവ് ഗവേഷണകേന്ദ്രത്തിൽ ശാസ്ത്രജ്ഞയാണ്. ഏക മകൾ നിഹാരികയ്ക്ക് രണ്ടര വയസ്. കോഴിക്കോട് പൊറ്റമ്മലിലെ എൻ.ജയാനന്ദന്റെയും സജിതയുടെയും മകനാണ് സൂരജ്. സഹോദരി: സൂര്യ.