ഞാറ്റ്യേല ശ്രീധരന്റെ സംസ്കാരം നടത്തി
1583899
Thursday, August 14, 2025 10:17 PM IST
തലശേരി: തിരുവങ്ങാട് പപ്പന്റെ പീടികക്കടുത്ത ഞാറ്റ്യേല ഹൗസിൽ ഞാറ്റ്യേല ശ്രീധരന്റെ (87) മൃതദേഹം സംസ്കരിച്ചു. രണ്ടാം ഗുണ്ടർട്ട് എന്ന് സാഹിത്യലോകം വിശേഷിപ്പിച്ച ചതുർഭാഷാനിഘണ്ടു രചയിതാവായ ശ്രീധരൻ ബുധനാഴ്ച രാത്രിയാണ് വിട പറഞ്ഞത്.
നാലാംക്ലാസിൽ പഠനം അവസാനിപ്പിച്ച് ബീഡി തൊഴിലാളിയായ ശ്രീധരൻ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകൾ പഠിച്ചാണ് മലയാള ഭാഷ എക്കാലവും ഓർമിക്കുന്ന അമൂല്യമായ നിഘണ്ടു രചിച്ചത്.
2020 ലാണ് ചതുർഭാഷാ നിഘണ്ടു പ്രകാശിപ്പിച്ചത്. വാക്കുകൾ തേടിയുള്ള യാത്രയിലായിരുന്നു കാൽനൂറ്റാണ്ടിലേറെ കാലം ഞാറ്റ്യേല ശ്രീധരൻ. പാലക്കാട് ബീഡിപ്പണിക്കാരനായി ജോലി ചെയ്യുന്ന കാലത്താണ് തമിഴ് ഭാഷയോട് ഇഷ്ടം തോന്നിയതും പഠിച്ചതും. 22 വർഷം ബീഡിതൊഴിലാളിയായി ജോലിചെയ്തു.
പൊതുമരാമത്ത് വകുപ്പിൽ പ്യൂൺ ആയി 1970ൽ ജോലിയിൽ പ്രവേശിച്ചതോടെ താമസം കണ്ണൂർ കക്കാടേക്ക് മാറി. കക്കാട് ദേശാഭിവർധിനി വായനശാല കേന്ദ്രീകരിച്ച് നിരവധി പേർക്ക് അക്ഷരാഭ്യാസം പകർന്നു. സമ്പൂർണ സാക്ഷരത യജ്ഞകാലത്ത് തമിഴരും തെലുങ്കരുമടങ്ങുന്നവർക്ക് ക്ലാസ് എടുക്കുന്നതിനിടയിലാണ് മറ്റുഭാഷകൾ പഠിച്ചത്.
1956ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ശ്രീധരൻ, കെഎസ്വൈഎഫ് തലശേരി താലൂക്ക് കമ്മിറ്റി ഭാരവാഹിയായും പ്രവർത്തിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഭിന്നിക്കുമ്പോൾ തലശേരി ബീഡിതൊഴിലാളി യൂണിയൻ ജോ. സെക്രട്ടറിയായിരുന്നു.
സിപിഎം അവിഭക്ത തലശേരി ലോക്കൽകമ്മിറ്റി അംഗമാണ്. എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗവും പുരോഗമനകലാസാഹിത്യസംഘം കണ്ണൂർ മേഖല പ്രസിഡന്റുമായിരുന്നു. 1979ൽ ആർഎസ്എസ് വധശ്രമത്തിൽനിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പരേതരായ ചാത്തു-ദേവി ദമ്പതികളുടെ ഏകമകനാണ്. ഭാര്യ: യശോദ. മക്കൾ: ശ്രീവത്സൻ, ശ്രീധന്യൻ (എക്സിക്യൂട്ടീവ് ഡയറക്ടർ ,ഐഐഎച്ച്ടി കണ്ണൂർ), ശ്രീജ, ശ്രീദയൻ (എസ്ഡി ഇൻഡസ്ട്രീസ്, കണ്ണൂർ). മരുമക്കൾ: ഷീജ, സ്മിത, സതീശൻ. ധന്യ.