അഞ്ചു വർഷംകൊണ്ട് കിഫ്ബി വഴി 62,000 കോടിയുടെ വികസനം: മുഖ്യമന്ത്രി
1583454
Wednesday, August 13, 2025 2:08 AM IST
കണ്ണൂർ: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ഫണ്ടിൽ പിണറായി പഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമിച്ച ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് (ആർസിബി) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഞ്ചരക്കണ്ടി പുഴയുടെ കൈവഴി ആയ ഉമ്മഞ്ചിറ പുഴയിൽ പിണറായി, എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. 36.77 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവിട്ടത്.ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തൊട്ടാകെ 12 റെഗുലേറ്റർ കം ബ്രിഡ്ജുകളാണ് പ്രവൃത്തി നടക്കുന്നതെന്നും അവയിൽ ചേക്കൂ പാലം ഉൾപ്പെടെ നാലെണ്ണത്തിന്റെ നിർമാണം പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായിരുന്നു.