മടമ്പം മേരിലാൻഡ് സ്കൂളിൽ ‘എക്വിപ് 'പദ്ധതി തുടങ്ങി
1582963
Monday, August 11, 2025 1:47 AM IST
പയ്യാവൂർ: പ്രൈമറി, സെക്കൻഡറി ക്ലാസുകളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സവിശേഷ പഠന പിന്തുണാപദ്ധതി ‘എക്വിപ് ' (എൻഹാൻസിംഗ് ക്വാളിറ്റി ത്രു ഇന്നവേറ്റീവ് പ്രാക്ടീസസ് 2025) ന് മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ തുടക്കമായി.
ശ്രീകണ്ഠപുരം നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സജി കുര്യൻ അധ്യക്ഷത വഹിച്ചു.
ഹൈസ്കൂൾ വിഭാഗം എസ്ആർജി കൺവീനർ ഷീജ വാരിയാട്ട് ആമുഖ പ്രഭാഷണം നടത്തി. അക്കാദമിക വർഷത്തെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ആക്റ്റിവിറ്റി കലണ്ടർ ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ പി. മീന പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് എൻ.എം. ബിജുമോൻ പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി റോയ്മോൻ ജോസ്, യുപി വിഭാഗം എസ്ആർജി കൺവീനർ സിസ്റ്റർ ഷൈനി എന്നിവർ പ്രസംഗിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ഷാജു ജോസഫ്, ലിജോ പുന്നൂസ്, ലിബിൻ കെ.കുര്യൻ എന്നിവർ നേതൃത്വം നൽകി.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് അക്കാദമിക നിലവാരം ഉയർത്താനായി നടപ്പാക്കുന്ന പദ്ധതിയാണിത്. സ്കൂൾ പ്രവൃത്തി സമയത്തിന് പുറമെ അധിക സമയം കണ്ടെത്തി ഭാഷ, ഗണിത വിഷയങ്ങൾക്ക് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രത്യേക പരിശീലനം നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.