ദേശീയപാത അറ്റകുറ്റപ്പണി വൈകും
1582971
Monday, August 11, 2025 1:47 AM IST
വൈ.എസ്. ജയകുമാർ
കണ്ണൂർ: പുതിയതെരു മുതൽ താഴെചൊവ്വ വരെയുള്ള നിലവിലെ ദേശീയപാതയിലെ അറ്റകുറ്റപ്പണി അനിശ്ചിതമായി നീളും. കുഴിയടയ്ക്കലോ ഓവുചാൽ വൃത്തിയാക്കലോ എൻഎച്ച് 66 ന്റെ നിർമാണം തീരുന്നതുവരെ നടക്കില്ല.
ജില്ലാ കളക്ടർ വിളിച്ചുചേർത്ത റോഡ് അവലോകന യോഗത്തിലാണ് കേന്ദ്ര സർക്കാരിനു കീഴിലെ ദേശീയപാത ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ സംസ്ഥാനത്തെ ദേശീയപാതകളെല്ലാം കേന്ദ്ര സർക്കാരിനു കീഴിലെ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യക്ക് (എൻഎച്ച് എഐ) വിഭാഗത്തിന് കൈമാറുകയായിരുന്നു.
അതിനാൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ദേശീയപാതയിലെ അറ്റകുറ്റപ്പണി, ഓവുചാൽ വൃത്തിയാക്കൽ എന്നിവ നടത്താനാകില്ലെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ യോഗത്തിൽ വ്യക്തമാക്കി. അതേസമയം റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതും കുഴികൾ രൂപപ്പെട്ടതും സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. പരാതികളെല്ലാം സംസ്ഥാന ദേശീയപാത വിഭാഗത്തിന് കൈമാറുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.
ഇതേത്തുടർന്നാണ് ദേശീയപാതയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് ജില്ലാ കളക്ടർ വിശദീകരണം തേടിയത്. പുതിയതെരു മുതൽ താഴെചൊവ്വ വരെയുള്ള റോഡ് നിലവിൽ എൻഎച്ച്എയുടെ കീഴിലാണെന്ന് ബന്ധപ്പെട്ട എൻജിനിയർ അറിയിച്ചു. മഴയും നിർമാണം നടക്കുന്ന റോഡ് ഇടിഞ്ഞതും മൂലം എൻഎച്ച് 66 ന്റെ നിർമാണം മിക്കയിടത്തും നിർത്തിവച്ചിരിക്കുകയാണ്.
ഇതിന്റെ പണി പൂർത്തിയാക്കിയശേഷം പഴയ ദേശീയപാത ബിറ്റുമിനസ് മെക്കാഡം രീതിയിൽ ഉപരിതലം ടാറിംഗ് നടത്തും. അതിനൊപ്പം അരികിലെ മണ്ണ് കോരലും ഓട വൃത്തിയാക്കലും നടത്തുമെന്നും ദേശീയപാത വിഭാഗം വ്യക്തമാക്കി. വിവിധ റീച്ചുകളിലായി ഇതര സംസ്ഥാനങ്ങളിലെ വൻകിട കന്പനികളാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.
ദേശീയപാത നിർമാണം പൂർത്തിയാക്കാൻ രണ്ടുവർഷം വേണ്ടിവന്നാൽ അതിനുശേഷമേ ദേശീയപാതയിലെ അറ്റകുറ്റപ്പണി നടത്തുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
കരാറുകാരൻ അറ്റകുറ്റപ്പണി നടത്തുന്നില്ല;
പരാതി നൽകേണ്ടത് കേന്ദ്ര സർക്കാരിന്
കണ്ണൂർ: ദേശീയപാത നിർമാണം ഇതര സംസ്ഥാനങ്ങളിലെ വൻകിട കന്പനിക്കാർ അഞ്ചു വർഷത്തേക്കാണ് ഏറ്റെടുത്തിട്ടുള്ളത്. കരാറെടുത്ത കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയാറില്ല.
കാലവർഷം, മണ്ണിന്റെ ലഭ്യതക്കുറവ്, പാലങ്ങളും മേൽപ്പാലങ്ങളും നിർമിക്കുന്നതിലെ കാലതാമസം തുടങ്ങിയവയാണ് പണി വൈകാൻ ഇടയാക്കുന്നത്. അതിനാൽ ഓരോ വർഷം വീതം കരാർ നീട്ടിക്കൊടുക്കും. ഫലത്തിൽ എട്ടുമുതൽ 10 വർഷം വരെ കാലാവധി ഒരു റീച്ചിലെ ദേശീയപാത നിർമാണത്തിന് ലഭിക്കും. നിർമാണം പൂർത്തിയാക്കുന്ന റോഡ് പൊളിക്കുന്നതും പുതിയ അടിപ്പാതയും മേൽപ്പാലവും നിർമിക്കുന്നതും തുടർന്നുകൊണ്ടിരിക്കും.
എൻഎച്ച് 66-ൽ കേരളത്തിലെ ആദ്യഘട്ടം പൂർത്തിയാക്കിയത് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം- കാരോട് ( കളിയിക്കാവിള) ഭാഗത്തെ 43 കിലോമീറ്റർ നിർമിച്ച് തമിഴ്നാട് അതിർത്തിയിലെത്തിച്ചതാണ്. നിർമാണം പൂർത്തിയാക്കി ഏഴു വർഷമായെങ്കിലും റോഡ് പൊളിച്ച് ഒരിടത്ത് മേൽപ്പാലവും രണ്ടിടത്ത് അടിപ്പാതയും ഇപ്പോഴും നിർമിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല റോഡിൽ ഗർത്തങ്ങൾ രൂപംകൊണ്ടിടത്ത് കേന്ദ്ര വിജിലൻസ് പരിശോധനയെ തുടർന്ന് ബിറ്റുമിനും സിമന്റ് കോൺക്രീറ്റും പലയിടത്തും ഇളക്കിമാറ്റി പുനർനിർമാണവും നടക്കുന്നു.
അതേപോലെ കണ്ണൂരിലെ ബൈപ്പാസ് നിർമാണവും നീണ്ടുപോകും. ഏറ്റെടുക്കുന്ന ദേശീയപാതയിൽ ഓരോ വർഷവും ഓടയിലെ മണ്ണ് നീക്കൽ, പുല്ല് വെട്ടൽ, റോഡിൽ അടിയുന്ന മണ്ണ് നീക്കം ചെയ്യൽ എന്നിവ കരാറെടുത്ത കന്പനികളാണ് ചെയ്യേണ്ടത്. എന്നാൽ ഈ പണികൾ കരാർ കന്പനികൾ ചെയ്യാതെ പണം ലാഭിക്കുകയാണ്. നാട്ടുകാർ നൽകുന്ന പരാതിയിൽ നടപടിയെടുക്കാനാകാതെ സംസ്ഥാന പൊതുമരാമത്ത് ഉദ്യോഗസ്ഥർ നോക്കിയിരിപ്പാണ്.
പരാതി ലഭിക്കേണ്ടിടത്ത് കിട്ടാത്തതിനാൽ റോഡ് നിർമാണത്തിലെ പാളിച്ചകളും യാത്രക്കാരുടെ പരാതികളും കേന്ദ്ര സർക്കാരും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും അറിയാതെ പോകുന്നു.
കണ്ണൂരിൽ താണ ദിനേശ് ഓഡിറ്റോറിയത്തിനടുത്താണ് എൻഎച്ച്എ ഓഫീസ്. റോഡ് സംബന്ധമായ കാര്യങ്ങൾ തിരക്കാനെത്തുന്നവരോട് ഹിന്ദിയിൽ മാത്രമേ സംസാരിക്കൂവെന്ന നിലപാടാണ് എൻജിനിയർമാർ സ്വീകരിക്കുന്നത്. ഇംഗ്ലീഷിൽ പോലും സംസാരിക്കാൻ കൂട്ടാക്കുന്നില്ല.
പരാതിക്കാരെ ഒഴിവാക്കി കരാറുകാർക്കൊപ്പം നിൽക്കുകയാണ് ദേശീയപാത എൻജിനിയർമാർ.