കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് കലാപം
1581921
Thursday, August 7, 2025 2:01 AM IST
കണ്ണൂര്: യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് താവക്കരയിലെ കണ്ണൂർ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് തെരുവ് യുദ്ധം. എസ്എഫ്ഐ- യുഡിഎസ്എഫ് വിദ്യാർഥികൾ തമ്മിൽ സംഘർഷം. പലഘട്ടങ്ങളിലായി നടന്ന ഏറ്റുമുട്ടലിലും കല്ലേറിലും ഇരുവിഭാഗത്തിലുള്ളവർക്കും പോലീസുകാർക്കും പരിക്കേറ്റു.
സംഘർഷം ഒഴിവാക്കാൻ പോലീസ് പലതവണ ലാത്തി വീശി. സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അശ്വന്ത്, കണ്ണൂർ ഏരിയാ കമ്മിറ്റി അംഗം വൈഷ്ണവ് പ്രകാശൻ, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ്, യൂത്ത് ലീഗ് നേതാവ് ഷബീർ എടയന്നൂർ, സിവിൽ പോലീസ് ഓഫീസർ രജനി എന്നിവർക്ക് പരിക്കേറ്റു. കാന്പസിൽ നിർത്തിയിട്ട് ബൈക്കുകളിലുണ്ടായിരുന്ന ഹെൽമറ്റും ചെടിച്ചട്ടിയും കല്ലും വടികളുമുൾപ്പടെ കൈയിൽ കിട്ടിയതൊക്കെ എടുത്ത് വിദ്യാർഥികൾ പരസ്പരം എറിഞ്ഞു.
ഇന്നലെ രാവിലെ 10ന് യൂണിയന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒന്പതരയോടെയാണ് കാന്പസിനകത്ത് പ്രശ്നങ്ങൾ ആരംഭിച്ചത്. കാസർഗോഡ് എംഐസി ആർട്സ് ആൻഡ് സയൻസ് കോളജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായ സഫ്വാനെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി യുഡിഎസ്എഫ് ആരോപിച്ചു. ഇതേത്തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശി ഇരു വിഭാഗത്തെയും തുരത്തി.
ഇതിനിടെ കെഎസ്യു, എംഎസ്എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി എസ്എഫ്ഐ ആരോപിച്ചു. തിരിച്ചറിയൽ കാർഡില്ലാതെ പോളിംഗ് സ്റ്റേഷനിലേക്ക് കടത്തിവിടില്ലെന്ന പോലീസിന്റെ നിർദേശം ലംഘിച്ച് കെഎസ്യു, എംഎസ്എഫ് പ്രവർത്തകർ കടക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. തിരിച്ചറിയിൽ കാർഡില്ലാത്തെ കടത്തിവിടില്ലെന്ന പ്രഖ്യാപിച്ച് എസ്എഫ്ഐ പ്രവർത്തകരും രംഗത്തെത്തിയത് വീണ്ടും സംഘർഷത്തിനിടയാക്കി. കെഎസ്യു,എംഎസ്എഫ് സഖ്യമുന്നണിയായ യുഡിഎസ്എഫ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് തടഞ്ഞ വിരോധത്തിൽ അക്രമം നടത്തിയെന്നും ടൗൺ എസ്ഐ വി.വി ദീപ്തി പ്രവർത്തകരെ അകാരണമായി മർദിച്ചുവെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്എഫ്ഐ മനപൂർവം അക്രമം അഴിച്ചു വിടുകയാണെന്നും പോലീസ് അകാരണമായി പ്രവർത്തകരെ മർദിച്ചെന്നും യുഡിഎസ്എഫും ആരോപിച്ചു.
ആദ്യത്തെ സംഘർഷത്തിന് ശേഷം പതിനൊന്നരയോടെയാണ് രണ്ടാമത്തെ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.യുഡിഎസ്എഫ് സ്ഥാനാർഥിയുടെ ബാലറ്റ് പേപ്പർ എസ്എഫ്ഐ പ്രവർത്തക തട്ടിപ്പറിച്ചെന്ന ആരോപണത്തെ തുടർന്നാണ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്. ആരോപണ വിധേയയായ പ്രവർത്തകയെ പോലീസ് പിടിച്ചുവച്ചിരുന്നു. ഇവരെ മോചിപ്പിക്കാൻ എസ്എഫ്ഐ പ്രവർത്തകർ സംഘടിതമായി പോലീസിനെതിരെ തിരിഞ്ഞതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
എസ്എഫ്ഐക്കാരെ പ്രതിരോധിക്കാൻ യുഡിഎസ്എഫുകാരും എത്തിയതോടെ കൂട്ടത്തല്ലിലും ലാത്തിച്ചാർജിലും കലാശിക്കുകയായിരുന്നു. ഇതിനിടെ പോലീസ് പിടിച്ചുവച്ച പ്രവർത്തകയെ എസ്എഫ്ഐക്കാർ മോചിപ്പിച്ചു സ്ഥലത്തുനിന്ന് മാറ്റി. സംഘർഷം രൂക്ഷമാകുന്ന തരത്തിലേക്ക് നീങ്ങിയതോടെ ഇരുവിഭാഗക്കാരെയും പോലീസ് പോളിംഗ് ബൂത്തിനടുത്ത് നിന്ന് മാറ്റി.
ഇതിനു പിന്നാലെ പ്രവര്ത്തകരെ മര്ദിച്ചവരെ കാന്പസ് വിട്ടുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്ഐ രംഗത്തെത്തിയത് വീണ്ടും സംഘർഷത്തിനിടയാക്കി. യുഡിഎസ്എഫിന്റെ യുയുസികൾ എത്തിയ ബസിനകത്ത് അക്രമികളുണ്ടെന്ന് പറഞ്ഞ് ബസ് വളഞ്ഞു. ഇതിനിടെ ബസിന്റെ കാറ്റഴിച്ചു വിടുകയും ചെയ്തു. ഇതോടെ കാന്പസിൽ പലയിടത്തായിരുന്ന യുഡിഎസ്എഫ് പ്രവർത്തകർ സംഘടിച്ച് ഇവിടെയെത്തുകയും ഏറ്റുമുട്ടുകയുമായിരുന്നു. പോലീസ് ലാത്തിച്ചാർജ് നടത്തി വിരട്ടിയോടിച്ചു.
ഉച്ചയ്ക്ക് ഒന്നോടെയാണ് മൂന്നാമതും സംഘർഷമുണ്ടായത്. യുഡിഎസ്എഫ് യുയുസി കൗൺസിലറുമായി വന്ന വാഹനം എസ്എഫ്ഐ പ്രവർത്തകർ കാന്പസിൽ തടഞ്ഞതായിരുന്നു കാരണം. സ്ഥലത്തുണ്ടായിരുന്ന നേതാക്കൾ വാഹനം തടഞ്ഞ പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയിൽ ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരുടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്താണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, കോൺഗ്രസ് നേതാവ് പി.അബ്ദുൾ റഷീദ് തുടങ്ങിയവരും സ്ഥലത്തെത്തി.