വളയംകോട് -മാഞ്ചുവട്- പള്ളിപ്പാലം റോഡിലെ കലുങ്ക് അപകടാവസ്ഥയിൽ
1581372
Tuesday, August 5, 2025 1:52 AM IST
ഇരിട്ടി: വളയം കോട് - മാഞ്ചുവട് -പള്ളിപ്പാലം പൊതുമരാമത്ത് റോഡിൽ പ്രളയത്തിൽ തകർന്ന മാഞ്ചുവട് പാലത്തിന് സമീപമുള്ള കലുങ്കിന്റെ കെട്ടിടിഞ്ഞ് അപകടാവസ്ഥയിൽ. റോഡിന്റെ അരികിൽ വിള്ളൽ വീണ് റോഡ് ഉൾപ്പെടെ ഏത് നിമിഷവും ഇടിഞ്ഞ് വീണ് ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടേക്കാം. 2018 ലെ പ്രളയത്തിൽ മാഞ്ചുവട് പാലം തകർന്നതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലായിരുന്നു.
എടപ്പുഴ-പള്ളിപ്പാലം ചുറ്റി വളഞ്ഞായിരുന്നു വലിയ വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്. കലുങ്ക് തകർന്നതോടെ അതും നിലയ്ക്കുന്ന സാഹചര്യമാണ്. ഇതുവഴിയായിരുന്നു അഞ്ചോളം സ്കൂളുകളിലേക്കുള്ള ബസ് കടന്ന് പോയിരുന്നത്. കലുങ്ക് അപകടത്തിൽ ആയതോടെ സ്കൂൾ ബസുകൾ വരാതായതോടെ വിദ്യാർഥികൾ ബുദ്ധിമുട്ടിലായി.
പഞ്ചായത്തും പൊതുമരാമത്തും യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മാഞ്ചുവട് വാർഡ് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ പൊതുമരാമത്ത് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് രാജു ആലുംപറമ്പിൽ, ബാബു കുന്നേത്തടം, വിൽസൺ പുളിക്കയിൽ, ആശ കാപ്പുങ്കൽ, ബിന്ദു സുകുമാരൻ, റെജി തടത്തിമാക്കൽ എന്നിവർ പറഞ്ഞു.