മയക്കു മരുന്ന് കേസിൽ ജയിലിൽ നിന്നിറങ്ങിയ യുവാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ
1580625
Saturday, August 2, 2025 2:14 AM IST
ശ്രീകണ്ഠപുരം: നേരത്തെ മയക്കുമരുന്ന് കേസിൽ പിടിയിലായി ജയിലിൽ നിന്നിറങ്ങിയ യുവാവിനെ എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠപുരം അടുക്കത്തെ ഷബീറിനെയാണ് (42) ശ്രീകണ്ഠപുരം പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിൽ 30 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച കണ്ണൂർ ടൗൺ പോലീസ് എംഡിഎംഎയുമായി പിടികൂടിയ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐ പി.പി. പ്രകാശനും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.
സാജുവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മയക്കുമരുന്നിന്റെ പണമിടപാട് നടത്തിയിരുന്നത്. ജില്ലയിലെ മയക്കുമരുന്ന് വില്പന റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. പരിശോധന നടത്തുന്പോൾ പ്രതി വീട്ടിലുണ്ടായിരുന്നില്ല. ഇന്നലെ പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിനു മുന്പും വീട്ടിൽ നിന്നും എംഡിഎംയുമായി തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് പോലീസിനെ കണ്ട് ഗേറ്റ് തുറക്കാത്തത്തിനെ തുടർന്ന ഏഴടിയുള്ള മതിൽ ചാടിക്കടന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്. പോലീസിനെ വെട്ടിച്ച് മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ തുടയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്പോഴായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജയിലിൽ നിന്നിറങ്ങിയതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റിലായത്. തൃക്കാക്കരയിൽ നിന്നും എംഡിഎംഎയുമായി പിടിയിലായതിനെ തുടർന്ന് എറണാകുളം ജയിലിലുമായിരുന്നു. പറശിനിക്കടവിൽ നടന്ന ഒരു പീഡനക്കേസിലും പ്രതിയാണ്.