പയ്യന്നൂര്‍ സിപിഎമ്മിലെ വിഭാഗീയത: പാർട്ടി നടപടി ശാസനയിലൊതുക്കി
1580358
Friday, August 1, 2025 1:09 AM IST
കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെയുള്ള നടപടി ശാസനയിലും താക്കീതിലുമൊതുക്കി ജില്ലാ നേതൃത്വം. ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ കമ്മിറ്റിയെടുത്ത നടപടി റിപ്പോർട്ട് ചെയ്തത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പലര്ക്കുമെതിരേയുള്ള നടപടികള്‍ ശാസനയില്‍ ഒതുക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. ഏരിയാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്, ജില്ലാ കമ്മിറ്റിയംഗം വി. നാരായണൻ, ഏരിയാ സെന്റർ അംഗം കെ.വിജീഷ്, നഗരസഭാ വൈസ് ചെയര്‍മാനും മുന്‍ ഏരിയ കമ്മിറ്റിയംഗവുമായ പി.വി. കുഞ്ഞപ്പന്, മുന്‍ ജില്ലാ കമ്മിറ്റിയംഗം സി.കൃഷ്ണന് തുടങ്ങിയ നേതാക്കള്‍ അവശ്യമായ ജാഗ്രത കാണിച്ചില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
ഇതിൽ വി.കുഞ്ഞികൃഷ്ണനെ ശാസിക്കുകയും കെ.വിജീഷ്, പി.വി. കുഞ്ഞപ്പൻ എന്നിവരെ താക്കീത് ചെയ്യുകയും ചെയ്യും. വി.നാരായണനെയും വി. കുഞ്ഞികൃഷ്ണനെയും അവരുടെ തെറ്റുകൾ ബോധ്യപ്പെടുത്തും. ജാഗ്രതക്കുറവാണ് സി.കൃഷ്ണനെതിരേയുള്ള കുറ്റം. ഇത് രണ്ടാംവട്ടമാണ് കുഞ്ഞികൃഷ്ണനെതിരെയുള്ള നടപടിയുണ്ടാവുന്നത്.
പയ്യന്നൂര്‍ റൂറല്‍ ബാങ്ക് കൂടിയ വിലയ്ക്ക് ഭൂമി വാങ്ങിയതിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ ആവശ്യമായ ജാഗ്രത പുലര്‍ത്താന്‍ നേതൃത്വത്തിലുള്ളവര്ക്കായില്ലെന്നും അന്വേഷണ കമ്മീഷന് വ്യക്തമായ വിവരങ്ങള്‍ നല്കുന്നതില് വീഴ്ച പറ്റിയതായും ചൂണ്ടിക്കാട്ടുന്നുണ്ട്. പയ്യന്നൂരിലെ വിഭാഗീയതക്ക് നേതൃത്വം കൊടുക്കുന്നവര്‍ അതില്‍നിന്നും പിന്മാറണമെന്നും ഒരുകാരണവശാലും വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ജില്ലാ കമ്മിറ്റി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.