കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം
1580296
Thursday, July 31, 2025 7:58 AM IST
ചെറുപുഴ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ്ചെയ്തതിൽ പ്രതിഷേധിച്ച് കെസിവൈഎം ചെറുപുഴ മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും പ്രകടനവും നടത്തി. ചെറുപുഴ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി മേലേബസാറിൽ തിരുമേനി റോഡിന് സമീപം സമാപിച്ചു. തുടർന്നു നടന്ന യോഗം ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടർ ഫാ. നിതിൻ പൂകമല അധ്യക്ഷത വഹിച്ചു. സിസ്റ്റർ ടെസ് മാത്യു, മേഖല പ്രസിഡന്റ് ആൽബി മേലേടത്ത്, ജനറൽ സെക്രട്ടറി ആൽബിൻ ചൂരനോലിൽ, സോന സി. ജോജി എന്നിവർ പ്രസംഗിച്ചു.
മടന്പം: മടമ്പം ഫൊറോനയിലെ കെസിസി, കെസിഡബ്ല്യുഎ എന്നീ സംഘടനകൾ സംയുക്തമായി പ്രതിഷേധ ധർണ നടത്തി. പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് വലിയ പള്ളിയിൽ ഫൊറോന വികാരി ഫാ.സജി മെത്താനത്ത് ഉദ്ഘാടനം ചെയ്തു. ദുർഗിൽ ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുന്നുവെന്ന മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പ്രസ്താവിച്ചതിലൂടെ അക്രമികൾക്ക് ഭരണകൂടത്തിന്റെ സഹായവും പിൻബലവുമുണ്ടെന്ന് ചടങ്ങിൽപ്രസംഗിച്ച ഫാ.ബേബി കട്ടിയാങ്കൽ പറഞ്ഞു. കെസിസി ഫൊറോന പ്രസിഡന്റ് സജി ഞരളക്കാട്ട്കുന്നേൽ, കെസിഡബ്ല്യൂസി റിജിയണൽ പ്രസിഡന്റ് ബിൻസി മാറിക, ടോമി കീഴങ്ങാട്ട്, ബീന സജി, സിസ്റ്റർ പ്രിൻസി എസ്വിഎം, ടി.പി.മാനുവൽ, രാജു നന്തികാട്ട്, ബിജു മുല്ലൂർ, ജോമോൻ മേക്കാട്ടേൽ എന്നിവർ പ്രസംഗിച്ചു.
ചമതച്ചാൽ: കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ കെസിസി, കെസിഡബ്ല്യുസി, കെസിവൈഎൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധവും പ്രാർഥനയും നടത്തി. വായ മൂടിക്കെട്ടിയും ബാനർ ഏന്തിയും ആളുകൾ പ്രതിഷേധിച്ചു. പ്രത്യേക പ്രാർത്ഥനകളും നടത്തി.
ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ ഒരു ശക്തിക്കും സാധ്യമല്ലെന്നും പീഡകൾ അനുഭവിക്കേണ്ടി വന്നാൽ തളരുന്നവരല്ല അഭിമാനിക്കുന്നവരാണ് ക്രൈസ്തവരെന്നും വികാരി ഫാ. ജിബിൽ കുഴിവേലിൽ പറഞ്ഞു. ബെന്നി ഓഴാങ്കൽ, ടോമി കിഴങ്ങാട്ട്, ജെസി നിരപ്പേൽ, ജോയി നാഗനാടിയിൽ, ജോയി പുല്ലാട്ട്, സോണി ലൂക്കോസ്, സെജിൻ ബെന്നി എന്നിവർ നേതൃത്വം നൽകി.
ഉദയഗിരി: ഉദയഗിരിയിൽ കത്തോലിക്ക കോൺഗ്രസ് ആലക്കോട് മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധറാലിയും പൊതുയോഗവും നടത്തി. ഉദയഗിരി സെന്റ് മേരീസ് പള്ളി വികാരി ഫാ. സേവ്യർ പുത്തൻപുര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എമ്മാനുവൽ കോയിക്കൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ സോണിയ, യൂണിറ്റ് പ്രസിഡന്റ് ജോസഫ് തുണ്ടിയിൽ, ബേബി മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ഉദയഗിരി: ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദയഗിരി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ബിജു പുളിയൻതൊട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു. ജോസ് പറയൻ കുഴിയിൽ, സരിത ജോസ്, ബെന്നി പീടിയേക്കൽ, ടോമി കാടംകാവിൽ, ടെസി ആലുംമൂട്ടിൽ, മിനി ഉപ്പൻ മാക്കൽ, സിന്ധു തോമസ്, ഷൈലജ സുനിൽ, ബേബി കോയിക്കൽ, ബെന്നി മാപ്പിള കുന്നേൽ, കെ.കെ. കൃഷ്ണൻകുട്ടി , ഡിനോ മൈലപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ചെറുപുഴ: ഡിവൈഎഫ്ഐ പെരിങ്ങോം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. മേലേ ബസാറിൽ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് ചുറ്റി മേലേ ബസാറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം കെ.ഡി. അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി.നിധിൻ അധ്യക്ഷത വഹിച്ചു. പി.പി.സിദിൻ, ശരത്ചന്ദ്രൻ, കെ. അഭിജിത്ത്, കെ.പി. സനൂജ് എന്നിവർ പ്രസംഗിച്ചു.
ഉദയഗിരി: അന്യായമായി അറസ്റ്റ്ചെയ്ത കന്യാസ്ത്രീകളെ വിട്ടയക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ എ.ജെ. ജോസഫ് ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദനയുടെ ഉദയഗിരിയിലെ കുടുംബാഗങ്ങളെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം, ജില്ലാ സെക്രട്ടറി ടോമിച്ചൻ നടുത്തൊട്ടിയിൽ, ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് പരത്തനാൽ, ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി പരവരാകത്ത്, ജോർജ് കാരക്കാട്ട് എന്നിവരും അദ്ദേഹത്തോടൊപ്പം കുടുംബാംഗങ്ങളെ സന്ദർശിച്ചു.
നെല്ലിക്കുറ്റി: വെറ്റിലക്കൊടി ഒന്നാം യൂണിറ്റ് കുടുംബ കൂട്ടായ്മ പ്രതിഷേധയോഗം ചേർന്നു. യൂണിറ്റ് പ്രസിഡന്റ് ജോഷി അയ്യമല, ലൈസൺ മാവുങ്കൽ, ജോയ് കുന്നേൽ, മഞ്ജു കുറ്റിക്കാട്ടുകുന്നേൽ, ആലിസ് കുന്നേൽ എന്നിവർ പ്രസംഗിച്ചു.