ബസ് തോട്ടിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്
1579620
Tuesday, July 29, 2025 2:42 AM IST
ചെറുപുഴ: തിരുമേനി മുതുവത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്. തിരുമേനിയിൽനിന്ന് പയ്യന്നൂരിലേക്ക് പോകുന്ന ബസ് മുതുവത്ത് മെക്കാഡം ടാറിംഗ് അവസാനിക്കുന്ന ഭാഗത്തെ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട് വലതുവശത്തേക്ക് നീങ്ങി കലുങ്കിന്റെ സംരക്ഷണ ഭിത്തിയും തകർത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാവിലെ 9.15 ഓടെയാണ് അപകടം. ബസിൽ പതിനഞ്ചിൽ താഴെ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പരിക്കേറ്റ ദേവസ്യ വെളിയത്ത് (60), ജെസി ദേവസ്യ (55) എന്നിവരെ കണ്ണൂരിലെ മിംസ് ആശുപത്രിയിലും ജോസ് വെട്ടിക്കാപള്ളിയിൽ (60), തോമസ് തോട്ടത്തിൽ (50), ഭാര്യ സോളി തോട്ടത്തിൽ (38), ജോസ് കയ്യാലപറമ്പിൽ (68), പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കുഴിക്കാലായിൽ അലൻ സിറിൽ (7) എന്നിവരെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കുഴിക്കാലായിൽ മിലൻ സിറിൽ (5), കല്ലിപ്പുഴ ഷീബ ബിജു (48), ബസ് ഡ്രൈവർ അഖിൽ തോമസ് (28),കണ്ടക്ടർ തെക്കനാട്ട് സൂരജ് (34) എന്നിവരെ ചെറുപുഴയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ചെറുപുഴ എസ്എച്ച്ഒ വിനീഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജി. സുധീഷിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് തളിപ്പറമ്പ് കുപ്പത്തു നിന്നെത്തിയ ഖലാസിക് ക്രെയിനിന്റെ സഹായത്തോടെ ബസ് തോട്ടിൽനിന്ന് ഉയർത്തി റോഡിലെത്തിച്ചു.