ജില്ലയിൽ 3250 ഹെക്ടറിലേക്ക് തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കും
1579611
Tuesday, July 29, 2025 2:42 AM IST
കണ്ണൂർ: കാലിത്തീറ്റ ഉത്പാദനത്തിൽ ജില്ലയെ സ്വയം പര്യാപ്തമാക്കാൻ ലക്ഷ്യമിട്ട് 3250 ഹെക്ടർ സ്ഥലത്തേക്ക് കൂടി തീറ്റപ്പുൽ കൃഷി വ്യാപിക്കും. ഇതിനായി മിൽമ, കുടുംബശ്രീ, ദേശീയ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, ജയിൽ വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടുകൂടി ക്ഷീരവികസന വകുപ്പ് കൃഷി ചെയ്യാനാവശ്യമായ സ്ഥലം കണ്ടെത്തി ഓഗസ്റ്റ് ആദ്യവാരം കൃഷി ആരംഭിക്കും.
ക്ഷീര വികസന വകുപ്പിന്റെ കണക്കനുസരിച്ച് 56,000 കന്നുകാലികളാണ് ജില്ലയിൽ ഉള്ളത്. ഇവയ്ക്കായി ക്ഷീരവികസന വകുപ്പിനു കീഴിൽ വരുന്ന 13 ക്ഷീര വികസന യൂണിറ്റുകളിലെ 224 ക്ഷീര സംഘങ്ങൾ 807 ഹെക്ടർ സ്ഥലത്ത് മാത്രമാണ് തീറ്റപ്പുൽ കൃഷി ചെയ്യുന്നത്. ക്ഷീരവികസന വകുപ്പ് പദ്ധതികൾ പ്രകാരം 52 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനുള്ള പുതിയ അപേക്ഷകൾ ഈ വർഷം ക്ഷണിച്ചിട്ടുണ്ട്. ശേഷിക്കുന്ന 2391 ഹെക്ടർ സ്ഥലം കൂടി കണ്ടെത്തി തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കും. സ്ഥല ലഭ്യത സംബന്ധിച്ച് വിശദാംശങ്ങൾ നൽകുന്നതിന് വിവിധ വകുപ്പു മേധാവികൾക്ക് നിർദേശം നല്കിയിട്ടുണ്ട്.
ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ജില്ലാതല ടാസ്ക് ഫോഴ്സിന്റെ രൂപീകരണ യോഗം ചേർന്ന് സ്ഥലലഭ്യത സംബന്ധിച്ച് വിവിധ വകുപ്പുകളിൽ നിന്ന് വിശദാംശം തേടി. തീറ്റപ്പുൽ കൃഷിക്ക് സജ്ജരായ ഭൂവുടമകൾ, സ്ഥാപനങ്ങൾ, ഗ്രൂപ്പുകൾ എന്നിവയുടെ വിശദാംശങ്ങൾ റവന്യു, കൃഷി, ക്ഷീരവികസന വകുപ്പുകൾ കണ്ടെത്തണം.
കൃഷി ചെയ്യുന്നതിനുള്ള സ്ഥലം കണ്ടെത്തിയാൽ കൃഷി വകുപ്പ് മണ്ണുപരിശോധന ഉൾപ്പെടെ നടത്തി ജലലഭ്യത, മണ്ണിന്റെ ഫലഭൂയിഷ്ടത എന്നിവ ഉറപ്പുവരുത്തും. ഓഗസ്റ്റ് ആദ്യവാരം കൃഷി ആരംഭിക്കാ നായാൽ ഒക്ടോബർ മാസത്തോടെ തീറ്റപ്പുൽ കന്നുകാലികൾക്ക് നല്കാൻ പാകമാകുമെന്നാണ് ക്ഷീരവികസന വകുപ്പ് കണക്കുകൂട്ടുന്നത്.