മടമ്പം-അലക്സ് നഗർ റോഡ് പുഴയിലേക്ക് ഇടിഞ്ഞു
1580370
Friday, August 1, 2025 1:09 AM IST
മടമ്പം: കനത്ത മഴയിൽ മടമ്പം-അലക്സ് നഗർ റോഡിന്റെ ഭാഗം പുഴയിലേക്കിടിഞ്ഞു. മൂന്നു തവണയായാണ് ഇടിഞ്ഞത്. കടുതോടിക്കടവിലാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. നേരത്തെ ഇതിന് സമീപത്തെ രണ്ട് സ്ഥലങ്ങളിൽ മണ്ണിടിഞ്ഞിരുന്നു. 2020-ലെ പ്രളയ സമയത്താണ് ഈ ഭാഗം ആദ്യമായി പുഴയെടുത്തത്. അന്ന് അലക്സ്നഗർ കുരിശുപള്ളിക്കു സമീപത്തെ റോഡിന്റെ പകുതിയോളം പുഴയിലേക്കിടിഞ്ഞിരുന്നു.
ഈ ഭാഗത്ത് സംരക്ഷണഭിത്തി ഒരുക്കിയപ്പോൾ ഇതിന് സമീപത്തുള്ള ഭാഗം പൊയ്യായിക്കരിയും പുഴയെടുത്തു. ഈ ഭാഗവും പിന്നീട് ഭിത്തി കെട്ടി ബലപ്പെടുത്തിയിരുന്നു. ഈ റോഡിലെ 200 മീറ്റർ ഭാഗത്തെ മൂന്നാമത്തെ സ്ഥലത്താണ് മണ്ണിടിഞ്ഞിരിക്കുന്നത്. മടമ്പത്ത് നിന്ന് അലക്സ് നഗർ, ഐച്ചേരി ഭാഗത്തേക്ക് പോകുന്ന ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് ദിവസേന പോകുന്നത്.
കാഞ്ഞിലേരി-അലക്സ് നഗർ പാലത്തിന്റെ നിർമാണം പൂർത്തിയായതിനാൽ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. മറ്റ് അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് സംരഷണ ഭിത്തി ബലപ്പെടുത്തണമെന്നും ഈ റൂട്ടിലെ പുഴയോട് ചേർന്ന് കിടക്കുന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തി ഒരുക്കാൻ നടപടി വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.