യൂത്ത് കോൺഗ്രസ് ഫണ്ട് വെട്ടിച്ചെന്ന് കണ്ണൂരിലെ കോൺഗ്രസ് നേതാവ്
1579618
Tuesday, July 29, 2025 2:42 AM IST
കണ്ണൂര്: തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവ് പാലോട് രവി പാർട്ടിക്കെതിരെ നടത്തിയ ഫോൺ സംഭാഷണത്തിനു പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കണ്ണൂരിലെ കോൺഗ്രസ് നേതാവ്. കണ്ണൂർ ഡിസിസി സെക്രട്ടറി കെ.സി. വിജയന്റെ ഫോൺ സംഭാഷണമാണ് പുറത്തായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ എന്നിവർക്കെതിരെയാണ് കെ.സി. വിജയൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് ഫണ്ട് വെട്ടിപ്പ് നടത്തിയതായി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വയനാട് ദുരിതാശ്വാസത്തിന് പിരിച്ച പണം വെട്ടിപ്പ് നടത്തിയെന്നാണ് മറ്റൊരാളോട് പറയുന്നത്. പിരിച്ചെടുത്തതിന്റെ കണക്ക് അറിയാം. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയാണ് വിജിൽ മോഹനൻ പ്രസിഡന്റായത്. കള്ളവോട്ട് വാങ്ങി ജില്ലാ പ്രസിഡന്റായി ചമഞ്ഞു നടക്കുകയാണ്. നിന്റെ മുകളിലെ നേതാവും അങ്ങനെ തന്നെ ഇതൊക്കെ മനസിൽ അടക്കിവച്ചാണ് മുന്നോട്ടുപോകുന്നതെന്നും കെ.സി. വിജയൻ മറ്റൊരാളുമായി നടത്തിയ സംഭാഷണത്തിൽ പറയുന്നുണ്ട്.