കാട്ടാന ആക്രമണം തടയാൻ മുൻകരുതൽ: പരിപ്പ്തോട്-കോട്ടപ്പാറ റോഡിൽ നിയന്ത്രണം
1580368
Friday, August 1, 2025 1:09 AM IST
ഇരിട്ടി: ആറളംപുനരധിവാസ മേഖലയിൽ ഏറ്റവും കൂടുതൽ കാട്ടാനശല്യം നേരിടുന്ന ബ്ലോക്ക് 13ൽ ദുരന്തങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി അഞ്ചു കിലോമീറ്റർ ദൈർധ്യമുള്ള പരിപ്പ്തോട്-കോട്ടപ്പാറ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പടുത്തിക്കൊണ്ട് കളക്ടർ ഉത്തരവിറക്കി. വൈകുന്നേരം അഞ്ചു മുതൽ രാവിലെ ഏഴുവരെ ഈ റോഡിൽ കൂടി യാത്ര നിരോധിച്ചു.
ദുരന്ത നിവാരണ അധികാര പ്രകാരമാണ് ഉത്തരവ്. ആറളം പുനരധിവാസ മേഖലയിൽ പരിപ്പുതോട്, കോട്ടപ്പാറ മേഖലകളിൽ കാട്ടാനശല്യം അതിരൂക്ഷമാണെന്ന് കഴിഞ്ഞ മാസം 26ന് ചേർന്ന ജില്ലാതല സമതിയിൽ വനംവകുപ്പും 28 നു സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ റൂറൽ ഡിവൈഎസ്പിയും റിപ്പോർട്ട് നൽകിയിരുന്നു.
രണ്ടു മാസം മുന്പ് പുലർച്ചെ ജോലിക്കു പോയ ആദിവാസി ദന്പതികളെ ഈ റോഡിൽ വച്ച് കാട്ടാന ആക്രമിച്ചു പരിക്കേൽപ്പിച്ചതും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.ദുരന്തം ഉണ്ടാവാതിരിക്കാനും പ്രദേശവാസികളുടെ ജീവനും മുൻഗണന നൽകിയുമുള്ള ഉത്തരവ് വനം വകുപ്പ്, പോലീസ്, ആറളം ഫാം അധികൃതർ, ഐടിഡിപി എന്നിവർ സംയുക്തമായി കർശനമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
രോഗാവസ്ഥ, മറ്റ് അടിയന്തിര സാഹചര്യങ്ങളിൽ പോലീസ് അനുമതിയോടെ മാത്രം യാത്ര അനുവദിക്കും. ആറളം ഫാമിലെ 11, 13 ബ്ലോക്ക്നിവാസികൾ ജോലിക്ക് പോകാനും മറ്റുമായി ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ചും നടന്നും പുലർച്ചെയും രാത്രിയും യാത്ര ചെയ്യുന്ന എളുപ്പ വഴിയാണിത്.
ആനയെ തുരത്താതെ ജനങ്ങളെ നിയന്ത്രിക്കുന്നെന്ന് ആക്ഷേപം
പുനരധിവാസ മേഖലയിലും ഫാമിലും നാശം വിതയ്ക്കുന്ന ആനകളെ നിയന്ത്രിക്കാതെ ഗതാഗതം നിരോധിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ആരോപണം.
നിലവിൽ രണ്ട് കുടുംബങ്ങളാണ് മേഖലയിൽ താമസിക്കുന്നത്. യാത്ര നിയന്ത്രണം ഏർപെടുത്തുമ്പോൾ ഈ രണ്ട് കുടുംബങ്ങൾ എന്തുചെയ്യും എന്ന ചോദ്യവും ഉയരുന്നുണ്ട്. ആനയുടെ ശല്യം കാരണം പല കുടുംബങ്ങളും വീടും സ്ഥലവും ഉപേക്ഷിച്ച് മറ്റു ബ്ലോക്കുകളിലെ ഒഴിഞ്ഞ വീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.