വിമാനത്താവള പരിസരത്തെ മാലിന്യ സംസ്കരണ നടപടികൾ വിലയിരുത്തി
1579836
Wednesday, July 30, 2025 1:04 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്തവള പരിസരത്തെ മാലിന്യ സംസ്കരണ നടപടികൾ എയ്റോഡ്രോം എൻവയോൺമെന്റ് മാനേജ്മെന്റ് കമ്മിറ്റി യോഗം വിലയിരുത്തി. വിമാനത്താവളത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ അനധികൃത അറവുശാലകൾ നടത്തുകയോ പക്ഷികളെയും മൃഗങ്ങളെയും ആകർഷിക്കുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുകയോ ചെയ്യരുത്. വിമാനത്താവളത്തിന് ചുറ്റും വന്യജീവികളുടെയും പക്ഷികളുടെയും ഉറവിടങ്ങൾ കുറയ്ക്കുന്നതിന് പൊതുജനങ്ങൾക്ക് മാർഗനിർദേശങ്ങളും ബോധവത്കരണവും നൽകും. എയർക്രാഫ്റ്റ് ആക്ട് 1934 പ്രകാരം നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷ ലഭിക്കും.
യോഗത്തിന് മുന്നോടിയായി മട്ടന്നൂർ നഗരസഭയിലും കീഴല്ലൂർ പഞ്ചായത്തിലും സമിതി അംഗങ്ങൾ സംയുക്ത പരിശോധന നടത്തിയിരുന്നു. വന്യജീവികളെയും പക്ഷികളെയും ആകർഷിക്കുന്ന ഉറവിടങ്ങൾ, അനുചിതമായ മാലിന്യം തള്ളൽ, അനധികൃത അറവുശാലകൾ എന്നിവ കണ്ടെത്താനാണ് പരിശോധന നടത്തിയത്. യോഗത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ വിമാനത്താവളം, പോലീസ്, മട്ടന്നൂർ നഗരസഭ, കീഴല്ലൂർ പഞ്ചായത്ത്, വനം വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസ്, ജലസേചന വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.