കുർബാനയും വിശപ്പും
1580360
Friday, August 1, 2025 1:09 AM IST
" തൊണ്ടി പള്ളിയിൽ വിശുദ്ധ കുർബാന കാണാൻ പോകുന്നതിന് രണ്ട് ഉദ്ദേശങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തേത് കുർബാനയിൽ പങ്കെടുക്കുക. രണ്ടാമത്തേത് തിരികെ പോരുന്ന വഴി ഏതെങ്കിലും പ്ലാവിൽനിന്ന് ചക്ക പറിക്കുക. പട്ടിണി മാറ്റാൻ അതേ വഴിയുള്ളൂ. കാപ്പാട് പഞ്ചായത്തിന്റെ ( ഇന്നത്തെ കേളകം, കൊട്ടിയൂർ, കണിച്ചാർ ) ആദ്യ പ്രസിഡന്റ് ജോർജുകുട്ടി മുക്കാടന്റെ ഓർമകളാണ്. 1930 മുതലാണ് തൊണ്ടിയിൽ തുടങ്ങി കൊട്ടിയൂർവരെയുള്ള പ്രദേശങ്ങളിൽ കുടിയേറ്റം ആരംഭിച്ചത്.
കണിച്ചാർ -കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ഭൂമി മണത്തണയിലെ നായർ തറവാടുകളിലെ അധീനതയിലായിരുന്നു. തിരുവിതാംകൂറിൽനിന്നും മലബാറിലേക്ക് കുടിയേറിയവരിൽ ഭൂരിഭാഗം ആളുകളും കൈയിൽ ഒന്നുമില്ലാതെയാണ് ഭാര്യയേയും മക്കളെയും കൂട്ടി ഇവിടെയൊക്കെ എത്തിയത്. കപ്പയും തെരുവയും മധുരക്കിഴങ്ങും ആയിരുന്നു ആദ്യകാലങ്ങളിലെ പ്രധാന കൃഷികൾ. മണത്തണ മുതൽ അമ്പായത്തോട് വരെയുള്ള റോഡ് നിർമാണം ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കിയതാണ്. കൊട്ടിയൂർ കുടിയിറക്ക് വിരുദ്ധ സമരം കേരള ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട സംഭവമാണ്. വടക്കൻ അച്ചനും വെല്ലിംഗ്ടണും എകെജിയും മുൻനിരയിൽ നിന്ന് നയിച്ച സമരം.കേരള ചരിത്രത്തോടൊപ്പം നിൽക്കും ഈ കുടിയേറ്റ ജനതയുടെ ഐതിഹാസികമായ പോരാട്ടവും.
തൊണ്ടിയിലായിരുന്നു ആകെ ഒരു ആശുപത്രി ഉണ്ടായിരുന്നത്. വാഹന സൗകര്യം ഇല്ലാതിരുന്നാൽ രോഗികളെ എടുത്തുകൊണ്ടായിരുന്നു പോയിരുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വായനശാലകൾക്ക് രോഗികളെ എടുത്തുകൊണ്ടു പോകാൻ ചുമടുതാങ്ങികൾ നൽകിയിരുന്നു. കുടിയേറ്റം എന്നത് ഒരു പോരാട്ടമാണ്. കൈയിൽ ഒന്നുമില്ലാത്തവൻ ജീവിക്കാൻ വേണ്ടി ഒരു പരിചയമില്ലാത്ത നാട്ടിൽ തങ്ങളുടെ മക്കളെയും ഭാര്യയേയും കൈപിടിച്ച് നടത്തിയ ധീരമായ പോരാട്ടം.