സബ് ജൂണിയര്‍ ബോക്സിംഗ്: കോഴിക്കോടും തിരുവനന്തപുരവും മുന്നേറുന്നു
1579619
Tuesday, July 29, 2025 2:42 AM IST
കണ്ണൂര്‍: കണ്ണൂര്‍ ജിവിഎച്ച്എസ്എസിൽ (സ്പോര്‍സ്) നടക്കുന്ന സംസ്ഥാന സബ് ജൂണിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ വനിതാ വിഭാഗത്തിൽ കോഴിക്കോട്, തിരുവനന്തപുരം ജില്ലകൾ മുന്നേറുന്നു. രണ്ടാം ദിവസമായ ഇന്നലെ രാത്രി ആൺകുട്ടികളുടെ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ചാമ്പ്യന്‍ഷിപ്പ് കെ.വി. സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ് അധ്യക്ഷത വഹിച്ചു. ബോക്സിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ ഡവലപ്മെന്റ് കമ്മിഷന് വൈസ് ചെയര്മാന് ഡോ. എന്‍.കെ. സൂരജ്, ടൗൺ സിഐ ശ്രീജിത്ത് കൊടേരി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. വി.പി. പവിത്രന്, ജില്ലാ ബോക്സിംഗ് അസോസിയേഷന് പ്രസിഡന്റ് എം. പ്രശാന്ത്. ധീരജ് കുമാർ, സി. രാജേഷ് കുമാരൻ എന്നിവർ പ്രസംഗിച്ചു. അശ്വതി ബിജു, ആര് അക്ഷയ എന്നിവരെയും ദേശീയ സ്കൂള്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പരിശീലകനായ എം.എസ് സിജിനിനെയും ചടങ്ങില്‍ ആദരിച്ചു.
രണ്ടാം ദിവസത്തെ മത്സരത്തിൽ മുന്‍ ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ കെ.സി. ലേഖ മുഖ്യാതിഥിയായിരുന്നു. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ഉച്ചയക്ക് ഒന്നിനാരംഭിക്കും. രാത്രി സമാപിക്കും. വിവിധ ജില്ലകളില്‍ നിന്നായി നാനൂറോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. യുപി യിലെ നോയ്ഡയില് ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള കേരള ടീമിനെ ഈ മത്സരത്തില്‍ വച്ച് തെരഞ്ഞെടുക്കും.