പന്തക്കലിൽ നിന്ന് 25 പവൻ കവർന്ന കേസ്; പ്രതിയെ ഇരിട്ടിയിൽ എത്തിച്ച് തെളിവെടുത്തു
1580367
Friday, August 1, 2025 1:09 AM IST
ഇരിട്ടി: മാഹി പന്തക്കലിലെ വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതിയെ പന്തക്കൽ പോലീസ് ഇരിട്ടിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കവർച്ച ചെയ്ത സ്വർണത്തിന്റെ ഒരുഭാഗം ഇരിട്ടിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിറ്റതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയെ ഇരിട്ടിയിൽ എത്തിച്ച് തെളിവെടുത്തത്. ആറളം വെളിമാനത്തെ പി. ദിലീപ് എന്ന ചേട്ടൻ ബാവയെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.
ആറളം വെളിമാനം ഉന്നതിയിലെ പനച്ചിക്കൽ ഹൗസിൽ പി. ദിലീപ് എന്ന ചേട്ടൻ വാവയെയും ഭാര്യ ഹോം നഴ്സ് ഷൈനി, സഹോദരൻ പി. ദിനേശ് എന്ന അനിയൻ ബാവയെയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പി. ദിനേശനിൽ നിന്ന് 15 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തിയിരുന്നു. 10 പവൻ സ്വർണം കൂടി ഇനി കണ്ടെത്തേണ്ടതുണ്ട്. ഇത് കൊല്ലത്ത് വില്പന നടത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം.