10 രൂപയ്ക്ക് മലബാറിൽ
1580362
Friday, August 1, 2025 1:09 AM IST
പാലായിൽ നിന്ന് കൂത്താട്ടുകുളം വഴി ആലുവ വരെ ബസിൽ. അവിടെനിന്നും തീവണ്ടിയിൽ കണ്ണൂരിൽ.. ചെലവായ തുകയാകട്ടെ 10 രൂപ മാത്രമാണെന്നാണ് പാലാ രാമപുരത്തു നിന്ന് 1946 ൽ മധ്യതിരുവിതാംകൂറിൽനിന്ന് ചെന്പന്തൊട്ടിയിലെത്തിയ ഉറുമ്പുകാട്ടിൽ ജോസഫ് പറയുന്നത്. ആദ്യം കോഴിക്കോട് ജില്ലയിലെ മുക്കത്തും കണ്ണൂർ ജില്ലയിലെ തന്നെ മടമ്പത്തും കൃഷിക്കായുള്ള സ്ഥലം അന്വേഷിച്ചിരുന്നെങ്കിലും ഒടുവിൽ ഇന്നത്തെ ചെമ്പന്തൊട്ടി പ്രദേശത്ത് ഭൂമി കണ്ടെത്തുകയാണുണ്ടായത്. ഞങ്ങൾ വാങ്ങിയ സ്ഥലത്ത് കുടുംബസമേതം താമസം തുടങ്ങിയതിനൊപ്പം തന്നെ കാടുകൾ വെട്ടിത്തെളിച്ച് ഭൂമി കിളച്ചൊരുക്കി കരനെൽക്കൃഷിയും ആരംഭിച്ചിരുന്നു. ധാന്യവിള
കളായ നെല്ല്, ചോളം, തുവര തുടങ്ങിയവ കൂടാതെ പ്രധാനമായി കപ്പയും കൃഷി ചെയ്തു. സ്ഥിരമായ സാമ്പത്തിക വരുമാനം നേടാനാണ് പിന്നീട് കുരുമുളക്, കശുമാവ്, തെങ്ങ്, കമുക്, റബർ എന്നീ നാണ്യവിളകളും കൃഷി ചെയ്തു തുടങ്ങിയത്.
അന്ന് ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന മലബാർ ജില്ലയിൽ ഉൾപ്പെട്ട നെടിയേങ്ങ, ചുഴലി, നടുവിൽ വില്ലേജുകളുടെ ഭാഗങ്ങൾ ചേർന്ന വിസ്തൃതമായ പ്രദേശമാണ് ഇന്നത്തെ ചെമ്പന്തൊട്ടിയായി മാറിയത്. കോറങ്ങോട് എന്നറിയപ്പെടുന്ന സ്ഥലത്തുള്ള തോടിനോട് ചേർന്നുള്ള ഭാഗത്തിന് ചെമ്പന്തൊട്ടിക്കരി എന്നാണ് പ്രദേശവാസികൾ അന്നു പറഞ്ഞിരുന്നത്. അതിൽനിന്ന് കുടിയേറ്റക്കാർ ചെമ്പന്തൊട്ടി മാത്രമായി പേര് സ്വീകരിക്കുകയാണുണ്ടായതെന്ന് കുട്ടിച്ചേട്ടൻ താനെഴുതിയ ചെമ്പന്തൊട്ടിയുടെ ചരിത്ര പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
കുടിയേറ്റത്തിന്റെ ആദ്യകാലം മുതൽ തന്നെ കർഷകസമൂഹം തങ്ങളുടെ പ്രദേശത്ത് സഞ്ചാരയോഗ്യമായ റോഡുകൾ, പാലങ്ങൾ, ആരാധനാലയം, വിദ്യാലയം എന്നിവ സാധ്യമാക്കാനുള്ള തീവ്രശ്രമങ്ങൾ തുടർന്നിരുന്നു. ആദ്യകാലങ്ങളിൽ ക്രൈസ്തവരായ കുടിയേറ്റ ജനതയ്ക്ക് ഞായറാഴ്ച വിശുദ്ധ കുർബാനയിൽ സംബന്ധിക്കണമെങ്കിൽ ദീർഘദൂരം കാൽനടയായി സഞ്ചരിച്ച് മടമ്പം പള്ളിയിൽ എത്തണമായിരുന്നു. 1949 ൽ ഏറ്റവും അടുത്ത സ്ഥലമായ ചെമ്പേരിയിൽ പള്ളി ആരംഭിച്ചതോടെ അവിടേക്ക് പോയിത്തുടങ്ങി. 1953 ൽ ചെമ്പന്തൊട്ടിയിൽ പള്ളിക്കുവേണ്ടി കെട്ടിടം നിർമിച്ച് ഇടവകയും ആരംഭിച്ചു.
ഇതിനിടെ ദീർഘകാലം താൻ പള്ളിയിലെ ശുശ്രൂഷിയായി സേവനം ചെയ്തിരുന്നതായും കുട്ടിച്ചേട്ടൻ പറഞ്ഞു. 1959 മുതൽ 62 വരെ ചെമ്പന്തൊട്ടി ഇടവകയിലെ വികാരിയായിരുന്ന ഫാ.ജോസഫ് കുന്നേലിന്റെ നേതൃത്വത്തിലാണ് ചെമ്പന്തൊട്ടിയിൽനിന്ന് ശ്രീകണ്ഠപുരം, ചുഴലി, പുറഞ്ഞാൺ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് പ്രധാന റോഡുകളും യാഥാർഥ്യമായത്. 1951 ൽ ചെമ്പന്തൊട്ടിയിൽ ആദ്യമായി ഒരു കച്ചവട പീടികയും ആരംഭിച്ചിരുന്നു. ഇന്ന് കുടിയേറ്റക്കാരുടെ നാലാം തലമുറയിലേക്ക് കടക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യങ്ങളും ലഭ്യമാകുന്ന നാടായി ചെമ്പന്തൊട്ടി മാറിക്കഴിഞ്ഞു.