താവക്കര ബസ് സ്റ്റാൻഡ് പരിസരത്തെ അനധികൃത നിർമാണം പൊളിച്ചു മാറ്റി
1579609
Tuesday, July 29, 2025 2:42 AM IST
കണ്ണൂർ: താവക്കര ബസ് സ്റ്റാൻഡ് പരിസരത്ത് പ്രദേശത്ത് കോർപറേഷൻ സ്ഥലം കൈയേറിയുള്ള കെട്ടിട നിർമാണം പൊളിച്ചു മാറ്റി. വർഷങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ നാട്ടുകാർ നടത്തി വരുന്ന സമരത്തിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോർപറേഷൻ അനധികൃത നിർമാണം പൊളിച്ച് നീക്കിയത്. ഇവിടെയുള്ള ഓടയ്ക്കുമേൽ സ്ലാബിട്ട് ജനങ്ങൾക്കുള്ള വഴിയെന്ന നിലയിൽ നിർമിച്ച നടപ്പാത കൈയേറിയായിരുന്നു അനധികൃത നിർമാണം
. കന്റോൺമെന്റ് മേഖലയോട് ചേർന്ന പ്രദേശത്തെ ജനങ്ങൾക്കുള്ള വഴിയായ ഉപയോഗിക്കേണ്ട സ്ഥലത്തായിരുന്നു കൈയേറ്റം. ഇവിടെ കെട്ടിടനിർമാണം നടത്തിയതോടെ കന്റോൺമെന്റ് അതിർത്തി പട്ടാളം കൊട്ടിയടച്ചാൽ ജനങ്ങൾക്ക് വേറെ വഴിയില്ലാത്ത അവസ്ഥ ഉടലെടുക്കുമായിരുന്നു. പ്രദേശത്തെ ജനങ്ങൾ സമരത്തിനിറങ്ങിയ സാഹചര്യത്തിൽ കഴിഞ്ഞ 15ന് സിപിഎം ജില്ലാ സെക്രട്ടറി സ്ഥലം സന്ദർശിക്കുകയും കോർപറേഷൻ അനധികൃത നിർമാണം പൊളിച്ചില്ലെങ്കിൽ ഞങ്ങൾ പൊളിക്കുമെന്നും അതുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നമുണ്ടായാലും നേരിടുമെന്നും കോർപറേഷൻ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.