കൊട്ടിയൂരിൽ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്
1579819
Wednesday, July 30, 2025 1:04 AM IST
ൊകൊട്ടിയൂർ: കൊട്ടിയൂർ ഉത്സവത്തിന് വരുന്നവർക്ക് ഗതാഗതക്കുരുക്ക് ഇല്ലാത്ത വിധം സൗകര്യപ്രദമായ റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കാനായി പ്രപ്പോസൽ സമർപ്പിക്കാൻ സൂപ്രണ്ടിംഗ് എൻജിനിയർക്ക് നിർദേശം നല്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തലശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കൊട്ടിയൂർ ശിവക്ഷേത്രത്തിൽ ടൂറിസം വകുപ്പിന്റെ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇത്തവണ ഒരുകാലത്തും ഇല്ലാത്ത നിലയിൽ കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി തീർഥാടകർ കൊട്ടിയൂരിലെത്തി. അതിന് അനുസൃതമായ പശ്ചാത്തല വികസനം ഇവിടെ വേണം. പ്രദേശത്തിന്റെ പശ്ചാത്തലവികസനം ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കാൻ ശ്രമിക്കും. കൊട്ടിയൂർ ക്ഷേത്രം ഉൾപ്പെടെ കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി വിപുലമായ തീർഥാടന ടൂറിസത്തിനുള്ള പ്രപ്പോസൽ കേന്ദ്രസർക്കാരിന് സമർപ്പിക്കും.
തീർഥാടകർ ഒരു ആരാധനാലയത്തിലേക്ക് വരുമ്പോൾ അതോടൊപ്പം സമീപപ്രദേശത്തെ ടൂറിസം കേന്ദ്രങ്ങളും കാണുന്നു. ഇതിലൂടെ ആ പ്രദേശത്തിനും ജില്ലയ്ക്കും അതുവഴി സംസ്ഥാനത്തിനും സാമൂഹ്യ-സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും.നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളുടെ പൈതൃകം സംരക്ഷിക്കുക, സൗകര്യങ്ങൾ ഒരുക്കുക എന്ന ഉത്തരവാദിത്വം കേരള ടൂറിസം വകുപ്പിനുണ്ടെന്നും മന്ത്രി പറഞ്ഞു.