വീട്ടിൽനിന്ന് 25 പവൻ കവർന്ന കേസിൽ ഹോം നഴ്സിന്റെ ഭർതൃസഹോദരൻ അറസ്റ്റിൽ
1579818
Wednesday, July 30, 2025 1:04 AM IST
മാഹി: മാഹിയിലെ വീട്ടിൽനിന്ന് 25 പവൻ സ്വർണം കവർന്ന കേസിൽ വീട്ടിൽ ജോലിക്കുനിന്ന ഹോം നഴ്സിന്റെ ഭർത്താവിന്റെ സഹോദരനായ ആറളം സ്വദേശിയെ മാഹി സിഐ അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തു. ആറളം വെളിമാനം ഉന്നതിയിലെ പനച്ചിക്കൽ അനിയൻ ബാവ എന്ന പി. ദിനേഷിനെ (23) യാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം സപ്രമയ ക്വാർട്ടേഴ്സിലെ താഴത്തെനിലയിൽ താമസിക്കുന്ന രമ്യയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണമാണ് കളവുപോയത്.
ആലപ്പുഴ സ്വദേശിനിയായ രമ്യ കോടിയേരി മലബാർ കാൻസർ സെന്ററിലെ നഴ്സാണ്. ഭർത്താവ് ഷിബുകുമാറിന് കൊല്ലത്താണ് ജോലി. ഇവർ ജോലിക്കു പോകുന്പോൾ രണ്ടു ചെറിയ കുട്ടികളെ നോക്കാനായി ഏജൻസി വഴിയാണ് ആറളം സ്വദേശിനി ഷൈനിയെ (29) നൽകിയത്. ഷൈനിയുടെ പെരുമാറ്റം ഇഷ്ടമാകാത്തതിനാൽ ഏജൻസിയോട് കുറച്ച് പ്രായംചെന്ന ഹോം നഴ്സിനെ ഏർപ്പാടാക്കാൻ ആവശ്യപ്പെട്ടിരുന്നു.
ജോലി മതിയാക്കി മടങ്ങിയ ഷൈനി വീടിന്റെ താക്കോൽ കൂടെക്കൊണ്ടുപോയി. മറ്റൊരു താക്കോൽ കൂടിയുള്ളതിനാൽ വീട്ടുകാർ അത് കാര്യമാക്കിയില്ല. ശനിയാഴ്ച ഡ്യൂട്ടിക്ക് പോയപ്പോൾ മക്കളെ അടുത്ത വീട്ടിലാക്കി. അന്ന് രാത്രിയാണ് മോഷണം നടന്നത്. ഹോം നഴ്സിന്റെ കൂട്ടാളികളായ ദിനേഷ് എന്ന അനിയൻ ബാവയും ചേട്ടൻ ബാവ ദിലീപും ചേർന്ന് ഷൈനി നൽകിയ താക്കോൽ ഉപയോഗിച്ച് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണാഭരണങ്ങൾ കവർന്നശേഷം വാതിൽപൂട്ടി താക്കോൽ ജനലിലൂടെ അകത്തേക്ക് ഇട്ടതായി സിഐ അനിൽ കുമാർ പറഞ്ഞു.മാഹി പോലീസ് മൂന്നു സ്ക്വാഡുകൾ രൂപീകരിച്ച് ഹോം നഴ്സിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഷൈനിയുടെ വീടിന്റെ പിൻവശത്ത് കുഴിയെടുത്ത് 15 പവൻ സ്വർണം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. കുഴിയെടുത്ത സ്ഥലം കാണാതിരിക്കാൻ മുകളിൽ ബക്കറ്റ് കമിഴ്ത്തിവച്ചിരുന്നു. പോലീസ് എത്തുമ്പോൾ ഷൈനിയും ദിലീപും വീടുപൂട്ടി സ്ഥലംവിട്ടിരുന്നു. ഇവർക്കായി അന്വേഷണം തുടരുകയാണ്. ബാക്കി 10 പവൻ സ്വർണാഭരണങ്ങളും കണ്ടെത്തേണ്ടതുണ്ട്.
മാഹി സിഐ പി.എ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പള്ളുർ എസ്ഐ വി.പി. സുരേഷ് ബാബു, ക്രൈം എസ്ഐമാരായ. വി.സുരേഷ്, സുരേന്ദ്രൻ, എഎസ്ഐമാരായ വിനീഷ്, ശ്രീജേഷ്, സുജിത്ത്, വിനീത് എന്നിവരാണ് കേസ് അന്വേഷിച്ചത്.
അനിയൻ ബാവയുടെ പേരിൽ അടിപിടി, മോഷണം ഉൾപ്പെടെ പതിനാറോളം കേസുകൾ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ട്. 2023 മുതൽ 24 വരെ കാപ്പ ചുമത്തി തൃശൂർ വിയ്യൂർ ജയിലിലടച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.