കൂടാളി ഹൃദയാരാം കൗൺസിലിംഗ് സെന്ററിന് മുകളിൽ മരംവീണു; കെട്ടിടം തകർന്നു
1579334
Monday, July 28, 2025 12:51 AM IST
മട്ടന്നൂർ: കൂടാളി സേക്രട്ട് ഹാർട്ട് സിസ്റ്റേഴ്സിന്റെ ഹൃദയാരാം കൗൺസിലിംഗ് സെന്ററിന് മുകളിൽ കൂറ്റൻ പുളി മരം കടപുഴകി വീണു. തലനാരിഴയ്ക്കാണ് അന്തേവാസികൾ രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ശക്തമായ കാറ്റിലും മഴയിലുമാണ് കൂറ്റൻ മരം കടപഴകി കൗൺസിലിംഗ് സെന്ററിന് മുകളിൽ വീണത്.
മരംവീണ് തകർന്നതോടെ കെട്ടിടം പൂർണമായും വാസയോഗ്യമല്ലാതായി. കെട്ടിടത്തിനും വീട്ടുപകരണങ്ങൾക്കും സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. അന്തേവാസികളെ മറ്റു കെട്ടിടത്തിലേക്ക് മാറ്റി താമസിപ്പിച്ചു. മരം വീണു തകർന്ന കെട്ടിടം കൂടാളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പദ്മനാഭൻ, കൂടാളി വില്ലേജ് ഓഫീസർ പ്രശാന്തൻ, തിരുഹൃദയ സന്യാസിനീ സമൂഹം തലശേരി പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ. ട്രീസ പാലക്കൽ എന്നിവർ സന്ദർശിച്ചു.