കാറ്റിലും മഴയിലും വാഴത്തോട്ടം നശിച്ചു; ദുരിതക്കയത്തിൽ കർഷകൻ
1579621
Tuesday, July 29, 2025 2:42 AM IST
ഇരിട്ടി: ശക്തമായ കാറ്റും മഴയും ഇരിട്ടി മാടത്തിലിലെ വാഴക്കർഷകനായ ജോണി യോയാക്കിനെ ഇത്തവണ തള്ളിവിട്ടത് കരകയറാൻ കഴിയാത്ത സാന്പത്തിക പ്രതിസന്ധിയിലേക്ക്. ഓണം വിപണി ലക്ഷ്യമിട്ട് നടത്തിയ നേന്ത്രവാഴക്കൃഷി പൂർണമായും അതിവർഷത്തിൽ നശിക്കുകയായിരുന്നു.
ആദ്യം ആയിരത്തോളം കുലക്കാറായ നേന്ത്രവാഴകൾ നിലംപൊത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുന്പ് വീശിയടിച്ച ചുഴലിക്കാറ്റിൽ 1300 ഓളം വാഴകളും നശിച്ചു. ഓരോ സീസണിലും ബാങ്കിൽ നിന്ന് വായ്പയെടുത്തും കടം വാങ്ങിയും കൃഷി നടത്തിയിരുന്ന ജോണി ഇതോടെ ആത്മഹത്യയുടെ വക്കിലാണ് . കുലയ്ക്കാറായ വാഴകളാണ് കഴിഞ്ഞ ദിവസം രണ്ട് തോട്ടങ്ങളിലായി നശിച്ചത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന ജോണി ഇനിയെന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ് . നേരത്തെ ആരംഭിച്ച കാലവർഷവും ശമനമില്ലാതെ പെയ്ത മഴയുമാണ് ജോണിയുടെ പ്രതീക്ഷകൾ തകർത്തത്. 3000 ൽ അധികം വഴകളാണ് മൂന്ന് സ്ഥലങ്ങളിലായി കൃഷി ചെയ്തിരുന്നത്.
ഇതിൽ പെരുവംപറമ്പിലും ഇരിട്ടി ടൗണിനടുത്തും ചെയ്തിരുന്ന കൃഷിയുടെ 90 ശതമാനവും കഴിഞ്ഞ ദിവസങ്ങളിൽ നശിച്ചു. അവശേഷിക്കുന്നവ ഏത് നിമിഷവും നിലം പൊത്താറായ അവസ്ഥയിലുമാണ് . മൂന്ന് തോട്ടവും ഇൻഷ്വർ ചെയ്തിരുന്നുവെങ്കിലും കുലവരുന്നതിന് മുന്പ് നശിച്ചതിനാൽ തുച്ഛമായ നഷ്ടപരിഹാരമേ ലഭിക്കുകയുള്ളൂ.
കുലച്ചതിനുശേഷം നശിച്ച വാഴകൾക്കേ ഇൻഷ്വറൻസ് പരിരക്ഷ അനുവദിക്കൂ എന്ന നിലപാടാണ് സ്ഥലത്ത് പരിശോധനയക്ക് എത്തിയ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. കുലയ്ക്കാത്ത വാഴയ്ക്ക് 150 രൂപയും കുലച്ച വാഴയ്ക്ക് 300 രൂപയുമാണ് നഷ്ടപരിഹാരം ലഭിക്കുക. എട്ട് മാസത്തിൽ കുലക്കേണ്ട വാഴകൾ അതിവർഷം കാരണം ഒന്പത് മാസം പിന്നിട്ടിട്ടും കുലച്ചിരുന്നില്ല . ഇത്തരം വാഴകൾക്ക് 150 രൂപ മാത്രമെ അനുവദിക്കു എന്ന കൃഷി വകുപ്പിന്റെ നിലപാട് കർഷകരെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്.