ഒരേക്കറിന് 100 രൂപ
1580361
Friday, August 1, 2025 1:09 AM IST
ഒരേക്കറിന് നൂറു രൂപയായിരുന്നു സ്ഥലത്തിന്റെ വില. കൂടുതൽ സ്ഥലം വാങ്ങി കൃഷി ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് കുടുംബം കോട്ടയം ഏറ്റുമാനൂരിൽ നിന്ന് 1956 ൽ ഉദയഗിരിയിൽ എത്തിയതെന്നാണ് മുണ്ടയ്ക്കൽ ജോസ് പറയുന്നത്. ഒരു വർഷം കഴിഞ്ഞാണ് അമ്മ മറിയക്കുട്ടിയും ഞാനും സഹോദരി ഗ്രേസിയും മലബാറിലേക്ക് എത്തിയത്. ഉദയഗിരി എന്ന് അറിയപ്പെട്ടിരുന്നത് പാട്ടപ്പാറ പ്രദേശം എന്നാണ്. ഉദയഗിരിയുടെ സമീപം പുല്ലരിയിലാണ് സ്ഥലം വാങ്ങിയത്.
കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇവിടെയുണ്ടായിരുന്നു. ഈ മലമ്പ്രദേശത്തിന്റെ പല ഭാഗങ്ങളിലായി ആദിവാസി വിഭാഗത്തിൽപ്പെട്ടവർ കൂര കെട്ടി താമസിച്ചിരുന്നു. വന്യമൃഗങ്ങളെ തുരത്താൻ ഇവർ പ്രഗൽഭരായിരുന്നു. വാഹന സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് തളിപ്പറമ്പിൽനിന്ന് ഉദയഗിരിയിൽ എത്തണമെങ്കിൽ 50 കിലോമീറ്റർ അധികം കാൽനടയായിചുറ്റി സഞ്ചരിക്കണമായിരുന്നു.
വീടുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ 30 കിലോമീറ്റർ സഞ്ചരിച്ച് ചപ്പാരപ്പടവിൽ പോകേണ്ട കാലമുണ്ടായിരുന്നു. അക്കാലത്തെ പ്രധാന വരുമാനമാർഗം എരുമ വളർത്തലായിരുന്നു. കപ്പ, നെല്ല്, ഇഞ്ചി, കുരുമുളക്, തെരുവ് പുല്ല് എന്നിവയായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. തെരുവപ്പുല്ലിന്റെ അരിക് അക്കാലത്ത് നല്ല പ്രിയമായിരുന്നു. അവ ശേഖ
രിച്ച് കിലോമീറ്ററുകൾ സഞ്ചരിച്ച് തളിപ്പറമ്പിൽ ആയിരുന്നു വില്പന നടത്തിയിരുന്നത്. അങ്ങനെയാണ് ഞങ്ങൾ താമസിക്കുന്ന പ്രദേശം ഇന്നും പുല്ലരി എന്നറിയപ്പെടുന്നത്. മരവും മുളയും കൊണ്ട് വീടുണ്ടാക്കി, ഓടയില മെടഞ്ഞുണ്ടാക്കിയ ഓടപ്പായ കൊണ്ട് മേഞ്ഞു. ഇല്ലി ചതച്ചുണ്ടാക്കുന്ന ചെറ്റ (തൈതൽ) കൊണ്ട് മറയും വാതിലുമുണ്ടാക്കും.
കിടക്കാൻ മുളം കുറ്റി നാട്ടി, തൈതൽ വിരിച്ച് സൗകര്യപ്പെടുത്തുകയായിരുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന വീടുകൾ അന്ന് ചെറ്റമറ എന്നാണ് അറിയപ്പെട്ടിരുന്നത്. വൈദികരുടെ സാന്നിധ്യവും വെഞ്ചിരിപ്പും ഇല്ലാതിരുന്നപ്പോൾ അയൽക്കാർ എല്ലാം ചേർന്ന് പ്രാർഥിച്ച് താമസം തുടങ്ങിയായിരുന്നു പതിവ്. മഴക്കാലത്ത് ആറുമാസത്തോളം പുഴ കടക്കാനാകാതെ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ഇവിടം. വിദ്യാഭ്യാസം നേടുന്നതിൽ സൗകര്യമില്ലായിരുന്ന കാലത്ത് അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കുന്നത് വളരെ താമസിച്ചായിരുന്നു ഇവിടെ. സ്കൂളുകൾ അടുത്ത് ഇല്ലാത്തതും ദൂരസ്ഥലങ്ങളിലേക്ക് പുഴ കടന്നു പോകാൻ പാലമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതും വന്യമൃഗങ്ങളുടെ ശല്യം കാരണവും വിദ്യാഭ്യാസം മുടങ്ങുന്നതിനു കാരണമായി. പിന്നീട് 7 ,8 ക്ലാസുകളിൽ പഠിച്ചിട്ടുള്ള കുട്ടികൾ അന്നത്തെ പാട്ടപ്പാറയിൽ അധ്യാപകരായി നടത്തിയ സ്കൂളിൽ ആയിരുന്നു
ആദ്യപഠനം. ഈ സ്കൂളുകളെ നാട്ടു
കാർ വിളിച്ചിരുന്നത് കള്ള പള്ളി
ക്കൂടം എന്ന പേരിലായിരുന്നു. ആലക്കോട്, ഉദയഗിരി പ്രദേശത്തെ കുടിയേറ്റ ചരിത്രത്തിൽ അവസ്മരണീയമായ സ്ഥാനമാണ് ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി, പി.ആർ. രാമവർമ രാജ എന്നിവർക്കുള്ളത്.