ഉസ്താദിന്റെ കാര്‍ കത്തിച്ചു; മുന്‍ ഉസ്താദിനെതിരേ കേസ്
1580359
Friday, August 1, 2025 1:09 AM IST
കാസര്‍ഗോഡ്: മദ്രസയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഉസ്താദിന്റെ കാര്‍ തീവച്ചുനശിപ്പിച്ചു. ചെങ്കള നെല്ലിക്കട്ടയിലെ പൈക്ക ജുമാമസ്ജിദ് കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക മാഞ്ചി സ്വദേശി റാസ ബാഫഖി ഹൈതമി (32) ഉപയോഗിച്ചിരുന്ന 2012 മോഡല്‍ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ആണ് കത്തിനശിച്ചത്. അബ്ദുള്ള മംഗല്‍പാടിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. സമീപവാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് കാസര്‍ഗോഡ് അഗ്നിരക്ഷാസേന സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിന്റെയും വി.എം. സതീഷിന്റെയും നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് വാഹനം സംഭവസ്ഥലത്തെത്തി ഏറെ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണയ്ക്കുകയായിരുന്നു. കാറും കാറിലുണ്ടായിരുന്ന പാസ്പോര്‍ട്ട്, മറ്റ രേഖകളും പൂര്‍ണമായും കത്തിനശിച്ചു.
എന്നാല്‍ കാറിനു സമീപത്തുണ്ടായിരുന്ന മസ്ജിദിന്റെ സ്കൂള്‍ബസിനും ബൈക്കിനും തീ പടരാതെ തടയാന്‍ സേനയ്ക്ക് കഴിഞ്ഞു. മുമ്പ് ഇവിടെ ഉസ്താദ് ആയി ജോലി ചെയ്തിരുന്ന അബൂബക്കറിനെ സംശയിക്കുന്നതായുള്ള ഹൈതമിയുടെ പരാതിയില്‍ അബൂബക്കറിനെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. ഇദ്ദേഹത്തെ മുമ്പ് പള്ളികമ്മിറ്റി ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിന്റെ വിരോധമാകാം തീവയ്പിനു പിന്നിലെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.