രണ്ടു മക്കളുമായി യുവതി കിണറ്റിൽ ചാടി; ഒരു കുട്ടിയുടെ നില ഗുരുതരം
1580303
Thursday, July 31, 2025 8:04 AM IST
പഴയങ്ങാടി: ചെറുതാഴം ശ്രീസ്ഥയിൽ രണ്ടു മക്കളെയുമെടുത്ത് യുവതി കിണറ്റിൽ ചാടി. യുവതിയെയും കുട്ടികളെയും അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തെങ്കിലും ഒരു കുട്ടി അതീവഗുരുതരാവസ്ഥയിലാണ്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കണ്ണപുരം കീഴറ സ്വദേശിനി ധനഞ്ജയയാണ് (30) മക്കളായ ധ്യാൻ കൃഷ്ണ (ആറ്), ദേവിക (നാല്) എന്നിവരെയെടുത്ത് ഭർത്താവിന്റെ ശ്രീസ്ഥയിലെ വീടിനു സമീപത്തെ കിണറ്റിൽ ചാടിയത്.
കുട്ടികളെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ ചാടിയ വിവരം അറിയുന്നത്. മൂവരെയും കിണറ്റിൽനിന്ന് രക്ഷിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. ധ്യാൻകൃഷ്ണയാണ് അത്യാസന്നനിലയിൽ കഴിയുന്നത്.
ഗാർഹിക പീഡനമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു. കുറച്ച് ദിവസം മുന്പ് യുവതി ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരിയാരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഇരുവീട്ടുകാരുമായി ചർച്ചയിൽ സമവായത്തിലെത്തിയ ശേഷമാണ് ധനഞ്ജയ ഭർതൃവീട്ടിലേക്ക് തിരിച്ചുപോയതെന്നും പറയുന്നു.