ബാവലി പുഴയോരത്ത് ശക്തമായ മണ്ണിടിച്ചിൽ
1580300
Thursday, July 31, 2025 7:58 AM IST
ഇരിട്ടി: ശക്തമായ മഴയ്ക്കൊപ്പം പുഴയിലെ ജലനിരപ്പ് കുത്തനെ ഉയർന്നതും കുത്തൊഴുക്കും കാരണം ബാവലി പുഴയോരത്ത് മണ്ണിടിച്ചിൽ ശക്തമായി. മണ്ണിടിച്ചിലിനെ തുടർന്ന് പുഴയുടെ ആഴം കുറയുന്നത് വെള്ളപ്പൊക്കത്തിനും ഇടയാക്കുന്നു.
കരകവിഞ്ഞ് ഒഴുകുന്ന പുഴയുടെ ഇരു കരകളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലം പുഴയിലേക്ക് ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഓരോ മഴക്കാലം കഴിയുമ്പോഴും കരയിടിച്ചിൽ കൂടുകയാണ്. മുഴക്കുന്ന് പഞ്ചായത്തിൽ മാത്രം നൂറ് ഏക്കറോളം പുഴ പുറമ്പോക്കുണ്ട്. ഒരോ മഴക്കാലം കഴിയുന്പോഴും പുറന്പോക്ക് ഭൂമിയുടെ അളവ് കുറഞ്ഞു കുറഞ്ഞു വരുന്പോഴും പുഴയോരം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ല. പാലപ്പുഴ, പയഞ്ചേരി, ആറളം ഭാഗങ്ങളിലാണ് വലിയ തോതിൽ കരയിടിച്ചിൽ ഭീഷണി നേരിടുന്നത്. കഴിഞ്ഞ പ്രളയത്തിൽ പയഞ്ചേരി മേഖലയിൽ പുഴ ഗതിമാറി ഒഴുകിയത് നിരവധി പേരുടെ വീടുകൾക്കും കൃഷിയിടങ്ങൾക്കും ഭീഷണിയായിയിരുന്നു.
പുഴയിൽ നിന്നുള്ള മണലെടുപ്പ് വർഷങ്ങളായി നിലച്ചതോടെ പുഴയുടെ ആഴം ഗണ്യമായി കുറഞ്ഞു. ഇതും പുഴ കരകവിയാൻ പ്രധാന കാരണമാണ്. കഴിഞ്ഞ പ്രളയത്തിൽ ആറളം. കേളകം , കൊട്ടിയൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ മൂലം വൻതോതിൽ കല്ലും മണ്ണും പുഴയിൽ അടിഞ്ഞു. ഇവ നീക്കം ചെയ്തിട്ടുമില്ല. ഓരേ സീസണിലും ടൗൺ കണക്കിന് മണൽ പുഴയിൽ അടിയുന്നത് കാരണം പലയിടത്തും വലിയ തുരുത്തുകൾ രൂപപ്പെട്ടു കഴിഞ്ഞു.
ചെറയി അരുവികളിൽ നിന്നും തോടുകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം പോലും പുഴയ്ക്ക് ഉൾക്കൊള്ളാനാകുന്നില്ല. വീടുകൾക്ക് ഭീഷണിയാകുന്ന ചില സ്ഥലങ്ങളിൽ പ്രളയ ദുരിതാശ്വസ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിച്ചിട്ടുണ്ടെങ്കിലും വെള്ളപ്പൊക്കം തടയാൻ ഇതു കൊണ്ടു മാത്രം സാധ്യമല്ലാത്ത അവസ്ഥയാണ്.
പുഴയോരം സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ വിവിധ വകുപ്പുകൾക്ക് നൽകുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് പുഴയോര വാസികൾ ആരോപിക്കുന്നു.പുഴയിൽ അടിഞ്ഞ മാലിന്യങ്ങളും മണലും നീക്കിയാൽ തന്നെ വെള്ളപ്പൊക്കത്തിനും കരയിടിച്ചിലിനും ഒരു പരിധിവരെ പരിഹാരമാകുമെന്ന് ഇവർ പറഞ്ഞു.
ജബ്ബാർകടവ് ഇക്കോ പാർക്കിന്റെ ഒരു ഭാഗവും പുഴയെടുത്തു
കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയിൽ ബാവലി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് ജബ്ബാർകടവ് പാലത്തിന് സമീപത്തായുള്ള പുഴയോരത്തെ ഇക്കോ പാർക്കിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. സഞ്ചാരികൾക്ക് തണൽ വിരിക്കാൻ കല്ലുകെട്ടി സംരക്ഷിച്ച മരങ്ങൾ ഉൾപ്പെടെ പുഴയിലേക്ക് പതിച്ചു. പാർക്കിന്റെ ഭാഗമായുള്ള സംരക്ഷണ വേലിയും തകർന്നു. 20 മീറ്ററോളം നീളത്തിൽ സ്ഥലം മണ്ണിടിഞ്ഞ് പുഴയിലേക്ക് പതിച്ചു.