400 കെവി ലൈൻ: സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് അപര്യാപ്തം
1580298
Thursday, July 31, 2025 7:58 AM IST
ഉളിക്കൽ: കരിന്തളം-വയനാട് 400 കെവി ലൈൻ കടന്നുപോകുന്ന ഉളിക്കൽ പഞ്ചായത്തിലെ ഭൂമി നഷ്ടപ്പെടുന്ന കർഷകരുടെ യോഗം ഉളിക്കൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്നു.
സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് അപരാപ്തമാണെന്നും യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് കർഷകരുടെ യോഗം പ്രഖ്യാപിച്ചു. പൊതുമരാമത്ത്, പഞ്ചായത്ത് റോഡിനോട് ചേർന്ന് ഭൂമി നഷ്ടപ്പെടുന്ന കർഷകർക്ക് ഭൂമിയുടെ മാർക്കറ്റ് വില തന്നെ ലഭ്യമാക്കണമെന്നും കൃഷിഭൂമിയുടെ വിളകൾക്ക് ന്യായമായ വില ലഭ്യമാക്ക ണമെന്നും യോഗം ആവശ്യപ്പെട്ടു. തൃപ്തികരമായ നഷ്ടപരിഹാരത്തുക ലഭ്യമാക്കാതെ കർഷകന്റെ ഭൂമിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കല്ലെന്നും യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും കൃഷിഭൂമിയിൽ അനുവദിക്കില്ലെന്നും യോഗം തീരുമാനിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ചാക്കോ പാലക്കലോടി, ഒ.വി. ഷാജു, ടോമി മുകാനോലി, സരുൺ തോമസ്, പി.കെ. നിഷ , ജാൻസി കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.