ചാലിൽ സെന്റ് പീറ്റേഴ്സ് ഇടവകയുടെ പള്ളിമേട തകർന്നു; വൈദികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
1580356
Friday, August 1, 2025 1:09 AM IST
തലശേരി: ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളിയുടെ പള്ളിമേട തകർന്നു. സംഭവസമയത്ത് മുറിയിലുണ്ടായിരുന്ന വൈദികൻ ഫാ. ജോസഫ് കൊറ്റിയത്ത് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.50 ഓടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് ഫാ.ജോസഫ് പറയുന്നത് ഇങ്ങനെ; രാവിലെ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം പ്രഭാത ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായി വസ്ത്രം മാറാൻ പള്ളിമേടയിൽ എത്തി. അപ്പോഴോണ് ശബ്ദം കേട്ടത്. നോക്കുന്പോൾ കെട്ടിടം ചെറുതായി ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ പുറത്തോട്ട് ഇറങ്ങുകയായിരുന്നു. ദൈവകൃപയാൽ പെട്ടെന്ന് ഇറങ്ങിയതിനാൽ ദുരന്തത്തിനിരയായില്ലെന്ന് ഫാ. ജോസഫ് പറഞ്ഞു.
ഫാ. ജോസഫിന്റെ മുറിയും അതിഥികളുടെ ശുചിമുറിയും അടങ്ങിയ ഓട് മേഞ്ഞ ഇരുനില കെട്ടിടമാണ് തകർന്നു വീണത്. ഈ കെട്ടിടത്തോട് ചേർന്ന് സ്കൂളും പ്രവർത്തിക്കുന്നുണ്ട്. ചെറുപുഴ മടക്കാംപൊയിൽ സ്വദേശിയായ ഫാ. ജോസഫ് രണ്ട് മാസം മുന്പാണ് ചാലിൽ പള്ളിയിൽ ചുമതലയേറ്റത്. മുകൾ നിലയിലെ ശുചിമുറിയടക്കം തകർന്ന് കല്ലും മണ്ണും ഓടും വാരികളും താഴെ വീണതോടെ അടിയിലുള്ള സ്റ്റോർ മുറി, ജെ.ജെ. ലൈറ്റ് ആൻഡ് സൗണ്ട് മുറി, തൊട്ടടുത്ത മതിൽ എന്നിവ തകർന്നു അവശിഷ്ടങ്ങൾ റോഡിലേക്ക് പതിച്ചു. സെന്റ് പീറ്റേഴ്സ് സ്കൂൾ ഉൾപ്പെടെ പള്ളിയുടെ ചുറ്റുമതിലിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്കൂൾ പ്രവൃത്തി സമയമല്ലാത്തതിനാൽ മറ്റ് അപായങ്ങൾ സംഭവിച്ചില്ല.
വിവരമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികളും നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
സ്പീക്കർ എ.എൻ. ഷംസീർ, നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി, വൈസ് ചെയർമാൻ എം.വി.ജയരാജൻ, വാർഡംഗം ഐറിൻ സ്റ്റീഫൻ, സമീപ വാർഡുകളിലെ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.