കളക്ടറുടെ ഉത്തരവ് മറികടന്ന് മാവിലമ്പാറയിൽ ചെങ്കൽ ഖനനത്തിന് ഉദ്യോഗസ്ഥ ഒത്താശയെന്ന്
1580373
Friday, August 1, 2025 1:09 AM IST
ചപ്പാരപ്പടവ്: കളക്ടറുടെ ഉത്തരവും മറികടന്ന് മാവിലമ്പാറയിൽ ചെങ്കൽ ഖനനനത്തിന് ഉന്നതോദ്യഗസ്ഥർ ഒത്താശ ചെയ്യുകയാണെന്ന് ബാലേശുഗിരി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. ചെങ്ങളായി പഞ്ചായത്തിലെ മാവിലുന്പാറയിലെ ചെങ്കൽ ഖനനത്തിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് ചപ്പാരപ്പടവ് പഞ്ചായത്തിലെ ബാലേശുഗിരിയിലെ ജനങ്ങളാണെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
മഴക്കാലത്ത് ചെങ്കൽപണയിൽ നിന്നുള്ള ചെളിവെള്ളം ഒഴുകി വരുന്നത് കുടിവെള്ള പ്രശ്നവും സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ ദേവസ്വം ഭൂമി കൈയേറി ചെങ്കൽ ഖനനത്തിനുള്ള നീക്കം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരിൽ ചിലരുടെ പിന്തണയും ഇതിനുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ആക്ഷൻ കമ്മിറ്റിയും ചെങ്കൽ അസോസിയേഷൻ പ്രതിനിധികളും ചേർന്ന് യോഗതീരുമാനം എടുത്തത് അനുസരിച്ച് ഇന്നലെ സംയുക്തമായി സ്ഥലം സന്ദർശിച്ചു.
ആക്ഷൻ കമ്മിറ്റി ചെയർമാനും ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റുമായ സുനിജ ബാലകൃഷ്ണൻ, കൺവീനർ എ.എൻ. വിനോദ്, ചെങ്ങളായി പഞ്ചായത്തംഗം ശിവദാസൻ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അസോസിയേഷൻ ഭാരവാഹികൾ എന്നിവരും ഇന്നലെ സ്ഥലം സന്ദർശിച്ചവരിൽ ഉണ്ടായിരുന്നു.