വീരാജ്പേട്ട ബേത്രി കാവേരി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
1580307
Thursday, July 31, 2025 10:12 PM IST
ഇരിട്ടി: വീരാജ്പേട്ട താലൂക്കിലെ കാവേരി നദിയുടെ ഭാഗമായ ബേത്രി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
ബുധനാഴ്ച രാവിലെ നദി തീരത്തെത്തിയ പ്രദേശവാസി ദുർഗന്ധം വമിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് തലയില്ലാത്ത നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെത്തുടർന്ന് വീരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷൻ ഓഫീസർ വാണിശ്രീയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
മുങ്ങൽ വിദഗ്ദനായ മട്ടപ്പയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് മടിക്കേരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലയില്ലാത്ത മൃതദേഹത്തിന് 15 -20 ദിവസം വരെ പഴക്കമുണ്ടാകുമെന്നും 35 -40 വയസ് പ്രായം തോന്നിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
കറുത്ത നിറത്തിലുള്ള പാന്റ്സും ചുവന്ന നിറത്തിലുള്ള ടീ ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. മരിച്ചയാളെക്കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ 9480804956 , 9480804952 എന്ന ഫോൺ നമ്പറിൽ വിവരം അറിയിക്കണമെന്ന് വീരാജ്പേട്ട പോലീസ് അറിയിച്ചു.