ക്രൈസ്തവ പീഡനം അവസാനിപ്പിക്കണം: ചെറുപുഷ്പ മിഷൻലീഗ്
1579822
Wednesday, July 30, 2025 1:04 AM IST
തലശേരി : മതേതര ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ചെറുപുഷ്പ മിഷൻലീഗ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൈസ്തവ മിഷനറിമാർ സമൂഹത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അവഹേളിക്കുകയും ആൾക്കൂട്ട വിചാരണ നടത്തി കള്ളക്കേസിൽ ജയിലാക്കുകയും ചെയ്യുന്ന പ്രവണത വർധിക്കുന്നതിൽ കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി.
ആരോരുമില്ലാത്തവർക്ക് ജിവനും ജീവിതവും സമർപ്പിച്ച മിഷനറിമാരെ മനുഷ്യക്കടത്തുകാരും മതപരിവർത്തകരുമാക്കി മുദ്രകുത്തി രാജ്യദ്രോഹ കുറ്റംവരെ ചുമത്തി തുറങ്കിലടച്ച് പീഡിപ്പിക്കുകയാണ്. ക്രൈസ്തവർ നടത്തുന്ന നൂറുകണക്കിന് ആതുരാലയ- വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മതപരിവർത്തനം നടത്തുന്നുണ്ടെങ്കിൽ ഓരോ വർഷവും ക്രൈസ്തവരുടെ എണ്ണം എങ്ങനെയാണ് കുറയുന്നതെന്ന് ആരോപണം ഉന്നയിക്കുന്നവർ വ്യക്തമാക്കണമെന്ന് അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ, പ്രസിഡന്റ് ഷിജോ സ്രായിൽ, സെക്രട്ടറി ബിജു കൊച്ചുപൂവക്കോട് എന്നിവർ ആവശ്യപ്പെട്ടു.