അധ്വാനപർവം
1579823
Wednesday, July 30, 2025 1:04 AM IST
ട്രെയിൻമാർഗം പയ്യന്നൂരിൽ എത്തിയ കുടിയേറ്റക്കാർക്ക് പാടിച്ചാൽവരെ സർവീസ് നടത്തിയിരുന്ന ബസായിരുന്നു ചെറുപുഴ, ചുണ്ട, പുളിങ്ങോം, ഇടവരമ്പ്, പാലാവയൽ എന്നിവിടങ്ങളിലേക്ക് പോകാനുള്ള ആശ്രയം. എന്നാൽ, കുടിയേറ്റക്കാർക്ക് അവസാനം മാത്രമാണ് ബസിൽ കയറാൻ സാധിക്കൂ...അന്ന് ഇന്നത്തെ പോലെ ബസിൽ കയറിയതിനു ശേഷം ടിക്കറ്റ് എടുക്കുന്ന രീതി ഇല്ലായിരുന്നു. മറിച്ച് ബസിൽ കയറുന്നതിനു മുമ്പ് ടിക്കറ്റ് എടുക്കണം.
കുടിയേറ്റക്കാർ ഒഴിച്ചുള്ളവർക്കെല്ലാം ടിക്കറ്റ് നൽകി ബസിൽ കയറ്റി ഇരുത്തിയതിനു ശേഷമേ മണിക്കൂറുകളോളം ടിക്കറ്റിനായി കാത്തു നിന്നിരുന്ന കുടിയേറ്റക്കാർക്ക് ടിക്കറ്റ് ലഭിക്കുകയുള്ളൂവെന്ന് പാലാവയലിലെ എ.കെ. ജോൺ അറയ് ക്കൽ പറയുന്നു. 1949 ൽ മാതാപിതാക്കൾ എത്തിയെങ്കിലും 1953 ലാണ് ഞാൻ പാലാവയലിൽ എത്തുന്നത്.
പാലായിൽനിന്നു രാവിലെ ബസിൽ കയറി ആലുവായിൽ എത്തി അവിടെനിന്നും ട്രെയിൻ മാർഗം പയ്യന്നൂരിലേക്ക്. ഷൊർണൂർ ജംഗ്ഷനിൽ തീവണ്ടി മാറി കയറുമ്പോൾ കൈയിലുണ്ടായിരുന്ന ബാഗും മറ്റു സാധനങ്ങളുമെല്ലാം പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടു ദിവസത്തെ കൽക്കരി തീവണ്ടിയാത്ര എന്നെയും കൂടെയുണ്ടായിരുന്നവരെയും കരിപ്പുകയിൽ കുളിപ്പിച്ചു.
റെയിൽവേ സ്റ്റേഷനിൽനിന്നും രണ്ട് മൈൽ ദൂരം നടന്ന് കൊക്കാനിശേരി എന്ന ഇന്നത്തെ പയ്യന്നൂർ ടൗണിൽ എത്തി. അവിടെനിന്നും ബസിൽ പാടിച്ചാലിലേക്ക്. പാടിച്ചാലിൽ എത്തിയപ്പോൾ വൈകുന്നേരമായതിനാൽ അന്നത്തെ യാത്ര അവസാനിപ്പിച്ച് അവിടുത്തെ ഒരു കടത്തിണ്ണയിൽ കിടന്നുറങ്ങി. പിറ്റേന്ന് കാൽനടയായി രാവിലെ 12 കിലോമീറ്റർ ദൂരെയുള്ള പാലാവയലിലേക്ക്. ഇരുൾ വീഴുന്നതിന് മുമ്പായി മുളകൾ കെട്ടിയുണ്ടാക്കിയ പാണ്ടിയിൽ പുളിങ്ങോം പുഴ കടന്ന് പാലാവയലിൽ എത്തി.
നടന്നു പോകാൻ മാത്രം വീതിയുള്ള കാട്ടുപാത, പാമ്പും വന്യമൃഗങ്ങളുമുള്ള കാട്ടുപ്രദേശം. അങ്ങിങ്ങായി ഓരോ വീടുകൾ. വീട് എന്ന് പറയാൻ പറ്റില്ലായിരുന്നു. ഷെഡുകൾ കുടിലുകൾ എന്നൊക്കെയാണ് പറഞ്ഞിരുന്നത്. മണ്ണ് വെട്ടിക്കൂട്ടിയുണ്ടാക്കിയ തറ. മരക്കമ്പുകൾ നിർമിച്ച മേൽക്കൂര, ഓട തണ്ടോടെ പറിച്ച് ചെറിയ കറ്റകളാക്കി ഉണക്കിയ ഓടപ്പായ കൊണ്ടാണ് മേഞ്ഞിരുന്നത്. ഓട പൊട്ടിച്ച് മെടഞ്ഞുണ്ടാക്കിയ പാളികൾക്കൊണ്ട് മറച്ചിരിക്കും. ഇതായിരുന്നു അന്നത്തെ വാസസ്ഥലം.
കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. അരി സുലഭമായിരുന്നില്ല. കപ്പ ആയിരുന്നു പ്രധാന ഭക്ഷണം. മംഗലാപുരം രൂപതയുടെ കീഴിലുള്ള നീലേശ്വരം സെന്റ് പീറ്റേഴ്സ് പളളിയിലെ ഫാ. ജറോം ഡിസൂസ മാസത്തിൽ രണ്ടു ദിവസം ഇവിടെയെത്തി വീടുകളിൽ ദിവ്യബലി അർപ്പിക്കുമായിരുന്നു. അച്ചൻ പെരുമ്പട്ടവരെ ബോട്ടിനു വന്ന ശേഷം നടന്ന് പാലാവയലിൽ എത്തും. മഴക്കാലത്ത് വഴികളിലുള്ള തോട്ടിൽ അച്ചനെ എടുത്ത് കടത്തണം. ഒരിക്കൽ ഏണിച്ചാൽ തോട് നിറഞ്ഞ് കിടന്നപ്പോൾ അച്ചനെ ചെന്പിനകത്ത് ഇരുത്തി ഇക്കരയെത്തിച്ചത് ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നു.
വിളവായാൽ
ഏറുമാടത്തിൽ
" കൃഷിയിടങ്ങളിൽ വിളവായി തുടങ്ങിയാൽ രാത്രിയിൽ ഏറുമാടത്തിൽ കാവൽ ഇരിക്കും. കൂട്ടായ്മയിലാണ് പല കൃഷികളും ചെയ്യുന്നത്. അതിനാൽ, ഒരുമിച്ചാണ് കാവൽ..ഇല്ലെങ്കിൽ വിളവെല്ലാം കാട്ടുപന്നി കൊണ്ടുപോകും. കുരങ്ങിന്റെ ശല്യവും വ്യാപകമായിരുന്നു. എന്നാൽ, ആന കൃഷിയിടത്തിൽ ഇറങ്ങുന്നത് വല്ലപ്പോഴും മാത്രമായിരുന്നുവെന്ന് പൈസക്കരി പുണർത്താംകുന്നേൽ പി.എം. മാത്യു പറയുന്നു. പാല രാമപുരത്ത് നിന്ന് 1957 ലാണ് മാതാപിതാക്കളായ ഏബ്രാഹാം-ക്ലാര എന്നിവർ മാത്യു ഉൾപ്പെടെ ആറുമക്കളുമായി മലബാറിലേക്ക് യാത്രതിരിച്ചത്.
കണ്ണൂരിൽനിന്ന് വാഹനത്തിൽ ശ്രീകണ്ഠപുരം എത്തുകയും അവിടെനിന്ന് നടന്ന് പൈസക്കരിയിൽ എത്തി സ്ഥലം വാങ്ങുകയായിരുന്നു. മഴക്കാലമായാൽ പാറക്കടവ് പുഴ കരകവിഞ്ഞൊഴുകും. സാധനങ്ങൾ വാങ്ങാനും മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കാനും സാധിക്കാത്ത അവസ്ഥ. അസുഖം ബാധിച്ചാൽ വാഹനസൗകര്യം ഇല്ലാത്തതിനാൽ രോഗികളെ ചാക്കുകട്ടിലിൽ കിടത്തിയായിരുന്നു കൊണ്ടുപോയിരുന്നത്. ചെങ്ങളായിയിൽ മാത്രമാണ് ഒരു ഡിസ്പെൻസറി ഉണ്ടായിരുന്നത്. കുടിയേറ്റക്കാരിൽ കൂടുതൽ പേരും അകാലത്തിൽ മരണമടഞ്ഞത് പാന്പു കടിയേറ്റാണ്. പൈസക്കരിയിലെ സ്കൂളിൽ പ്യൂൺ ആയി ജോലി കിട്ടിയപ്പോൾ സ്കൂളിലെ പല ആവശ്യങ്ങൾക്ക് തളിപ്പറന്പിൽ പോകണമായിരുന്നു. ഏകദേശം 30 കിലോമീറ്റർ ദൂരം നടക്കാനുണ്ടായിരുന്നു.
ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ മനഃസമ്മതം നടത്താൻ മൂന്നുദിവസം പിന്നിട്ട സംഭവവും പി.എം. മാത്യു ഓർമിച്ചെടുക്കുന്നു. വൈദികന്റെ സൗകര്യം അന്ന് തളിപ്പറന്പ് തൃച്ചംബരത്ത് മാത്രമാണ് ഉണ്ടായിരുന്നത്. വരന്റെ ആൾക്കാരും വധുവിന്റെ ആൾക്കാരും രണ്ടു സംഘമായി തിരിഞ്ഞ് തളിപ്പറന്പിലേക്ക് നടപ്പുതുടങ്ങി. വൈകുന്നേരത്തോടെയാണ് അവിടെ എത്തിയത്. പിന്നെ, അവിടെ വിശ്രമിച്ച് അടുത്ത ദിവസം മനഃസമ്മതം നടത്തി.
അവിടെനിന്നും വെള്ളിയാഴ്ച അതിരാവിലെ പുറപ്പെട്ടാണ് പൈസക്കരിയിൽ എത്തിച്ചേർന്നത്. കുടിയേറ്റകാലത്തെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു ചെങ്ങളായി. അവിടെനിന്നും പാപ്പിനിശേരി, വളപട്ടണം ഭാഗങ്ങളിലേക്ക് ബോട്ട് സർവീസ് ഉണ്ടായിരുന്നു. ഇന്നു കാണുന്ന പയ്യാവൂർ-ചന്ദനക്കാംപാറ റോഡ് നിർമിച്ചതും അന്നത്തെ കൂട്ടായ്മയിലാണ്.
കൺമുന്നിൽ
മരണങ്ങൾ
മലബാറിലേക്ക് എത്തിയപ്പോൾ പനി ബാധിച്ച് മൂത്ത ജ്യേഷ്ഠൻ മരിച്ചു. എട്ടുവയസുള്ളപ്പോൾ അപ്പനും മരിച്ചു. എന്തു ചെയ്യണമെന്നറിയില്ല.. ഒന്നും ആലോചിച്ചില്ല. കിട്ടിയ സ്ഥലത്ത് പല കൃഷി രീതികളും നടത്തി. ഒടുവിൽ മണ്ണിനോട് പടവെട്ടി ജീവിതം തിരികെ പിടിക്കുകയായിരുന്നുവെന്ന് അയ്യൻകുന്നിലെ വെട്ടിക്കൽ ഏബ്രഹാം പറയുന്നു.
അയ്യൻകുന്ന് പഞ്ചായത്തിലെ ആദ്യ കുടിയേറ്റക്കാരിൽ രണ്ടുപേരിൽ ഒരാളായ വെട്ടിക്കൽ ഔസേപ്പിന്റെ മകൻ ഏബ്രഹാം പങ്കുവയ്ക്കുന്നത് തീച്ചൂള പോലെ പൊള്ളുന്ന ഓർമകളാണ്. 1941 ലാണ് വെട്ടിക്കൽ ഔസേപ്പച്ചനും മൂത്ത രണ്ടു മക്കളും ബന്ധുക്കളായ കാവുങ്കൽ കുടുംബവും കരിക്കോട്ടക്കരിയിൽ എത്തുന്നത്.
നിരവധി സ്ഥലങ്ങൾ തേടി നടന്നതിനു ശേഷമാണ് കരിക്കോട്ടക്കരിയിൽ അന്നത്തെ ജന്മി പാറപ്രവൻ മമ്മുഹാജിയിൽനിന്നും 27 ഏക്കർ സ്ഥലം വാങ്ങുന്നത്.
ട്രെയിനിൽ ആലുവയിൽ നിന്നും ഷൊർണൂരിൽ, ഷൊർണൂരിൽ നിന്നും തലശേരി, പിന്നീട് കൽക്കരി വണ്ടിയിൽ ഇരിട്ടി, അവിടെ നിന്നും കാൽനടയായി കരിക്കോട്ടക്കരിയിൽ.. അങ്ങനെയായിരുന്നു യാത്ര.
അന്നു ധാരാളം നെൽവയലുകൾ ഉണ്ടായിരുന്ന പ്രദേശമായിരുന്നു കരിക്കോട്ടക്കരി. അതുകൊണ്ടുതന്നെ കുടിയേറ്റത്തിന്റെ ആദ്യകാലത്തുതന്നെ നെൽക്കൃഷി നടത്തി വിശപ്പടക്കാൻ കഴിഞ്ഞിരുന്നു. വീട്ടുസാധനങ്ങൾ വാങ്ങാൻ മാസത്തിൽ ഒരിക്കൽ കിലോമീറ്ററുകൾ നടന്നുവേണം പോകാൻ. മൂന്നും നാലും കുടുംബത്തിലെ അംഗങ്ങൾ ഒന്നിച്ചാകും യാത്ര.
അസുഖം പിടിപെട്ടാൽ രോഗിയെ എടുത്തുകൊണ്ട് 20 കിലോമീറ്റർ ദൂരെയുള്ള കമ്പോണ്ടറുടെ അടുത്തെത്തുമ്പോൾ പലരും ജീവനോടെ കാണില്ലെന്നും ഏബ്രഹാം പറയുന്നു.