ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്: കുന്നോത്ത് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
1579841
Wednesday, July 30, 2025 1:04 AM IST
ഇരിട്ടി: ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷനും കുന്നോത്ത് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി നടത്തിയ ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കുന്നോത്ത് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. അണ്ടർ 19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് കുന്നോത്ത് സ്കൂൾ ചാമ്പ്യന്മാരായത്. ദേശാഭിമാനി കോടിയേരി, സെന്റ് മേരീസ് എടൂർ എന്നിവർ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ പുരുഷന്മാരുടെ 600 കിലോ വിഭാഗത്തിലും മിക്സഡ് വിഭാഗത്തിലും ടൗൺ ടീം കൂത്തുപറമ്പയും, പുരുഷന്മാരുടെ 640 കിലോ വിഭാഗത്തിൽ എംജി കോളജ് ഇരിട്ടിയും, വനിതകളുടെ 500 കിലോ വിഭാഗത്തിൽ ദേശാഭിമാനി കോടിയേരിയും ചാമ്പ്യന്മാരായി.
അണ്ടർ 19 മിക്സഡ് വിഭാഗത്തിലും അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിലും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മണിക്കടവും, അണ്ടർ 17 മിക്സഡ് വിഭാഗത്തിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രാപൊയിലും, അണ്ടർ 17 മിക്സഡ് വിഭാഗത്തിൽ സെൻമേരീസ് എടൂരും ചാമ്പ്യൻമാരായി. പുതുതായി നിർമിച്ച വടംവലി കോർട്ടിന്റേയും മത്സര ഉദ്ഘാടനവും ഫാ. മാത്യു ശാസ്താംപടവിൽ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.കെ. ബാബു സമ്മാന വിതരണം നടത്തി. ജില്ലാ വടംവലി അസോസിയേഷൻ സെക്രട്ടറി പ്രവീൺ മാത്യു, പായം പഞ്ചായത്ത് മെമ്പർമാരായ മുജീബ് കുഞ്ഞിക്കണ്ടി, ഷൈജൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽ എം.ജെ. ജോർജ്, പിടിഎ പ്രസിഡന്റ് ബെന്നി പുതിയാമ്പുറം, ജോബി ജോസഫ്, വി.ജെ. സിജോ, ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു.