ഭൂരിപക്ഷ സ്വാധീനം ഉപയോഗിച്ചുള്ള ഭരണഘടനാ ലംഘനം അംഗീകരിക്കാനാകില്ല: മാർ പാംപ്ലാനി
1580302
Thursday, July 31, 2025 8:03 AM IST
കരുവഞ്ചാൽ: ഭൂരിപക്ഷ സ്വാധീനം ഉപയോഗിച്ച് അധികാരശക്തികൾ തിരുവസ്ത്രം അണിഞ്ഞവരുടെ യാത്രാസ്വാതന്ത്ര്യവും സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവകാശവും തടയുന്നത് മതേതരത്വ ജനാധിപത്യ മൂല്യങ്ങളുടെ ധ്വംസനമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് വായാട്ടുപറമ്പ് ഫൊറോനയുടെ നേതൃത്വത്തിൽ കരുവഞ്ചാലിൽ നടത്തിയ പ്രതിഷേധ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
സഭയ്ക്ക് രാഷ്ട്രീയം വിഷയമല്ല. എല്ലാ ഭാരതീയരും സഹോദരി സഹോദരന്മാരാണ് എന്ന് ഭരണഘടന പറയുന്നുണ്ടെങ്കിലും ചിലർ ക്രൈസ്തവരെ ശത്രുക്കളായാണ് കാണുന്നത്. ഇത്തരം സമീപനങ്ങൾ അപകടത്തിലേക്കാണ് കൊണ്ടുപോകുന്നത്. കുഷ്ഠരോഗികൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച കന്യാസ്ത്രീകളെയാണ് രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിലാക്കിയിരിക്കുന്നത്.
ഇഷ്ടമുള്ള മതത്തെ സ്വീകരിക്കാനുള്ള അവകാശം ചോദ്യം ചെയ്യുന്ന മതപരിവർത്തന നിരോധനനിയമം നടപ്പാക്കാനുള്ള നടപടി അപലപനീയമാണ്. ഭരണകർത്താക്കളുടെ കീഴിൽ പ്രവർത്തിക്കുന്ന പോലീസാണ് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലിലാക്കിയതെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.ഫൊറോന വികാരി റവ. ഡോ തോമസ് തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു.
നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ജയിംസ് പുത്തൻപുര, ജിമ്മി ആയിത്തമറ്റം, ടോമി കണയാങ്കൽ, ഫൊറോന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുതുപ്പള്ളി, ബിനോയ് തോമസ്, സുരേഷ് കാഞ്ഞിരത്തിങ്കൽ, ജയ്സൺ അട്ടാറിമാക്കൽ എന്നിവർ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി കരുവഞ്ചാൽ പെട്രോൾ പമ്പിന് സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ വൈദികരും കന്യാസ്ത്രീകളും അല്മായരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.