മഴയിൽ കുതിർന്ന് കണ്ണൂർ
1579321
Monday, July 28, 2025 12:51 AM IST
കണ്ണൂർ: കനത്ത കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. പടിയൂർ വില്ലേജിൽ കുന്നുമ്മൽ സുനിതയുടെ വീടിന് പുറകിൽ മണ്ണിടിഞ്ഞ് വീടിന് കേടുപാട് സംഭവിച്ചു. കരുവാരത്തോടി മാങ്കുഴി ലീലയുടെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി നാശനഷ്ടം ഉണ്ടായി. കൊട്ടിയൂര്‍ വില്ലേജിൽ ഒറ്റപ്ലാവ് ഇലവുംകുടിയില്‍ അന്നമ്മയുടെ വീടിനു മുകളിൽ മരം വീണു വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുള്ളവരെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ഇരിട്ടി: ശമനമില്ലാതെ തുടർന്ന മഴയും കാറ്റും മലയോര മേഖലയിൽ വീണ്ടും കനത്ത നാശം വിതച്ചു. തുടർച്ചയായി രണ്ടാംദിവസവും വ്യാപക നാശനഷ്ടമാണ് മേഖലയിൽ ഉണ്ടായത്. മൂന്നുവീടുകൾ പൂർണമായും എട്ടു വീടുകൾ ഭാഗികമായും തകർന്നു. മരംവീണ് വീടിന്റെ മേൽക്കൂര തകർന്ന് വിദ്യാർഥിക്ക് പരിക്കേറ്റു.
ആറളം അയ്യൻകുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കളപ്പുരപാലം തകർന്ന് ഗതാഗതം സ്തംഭിച്ചു. ആറളം വനത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ആറളം ഫാമിൽ നിന്ന് 35 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ഇവർക്കായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പായം പഞ്ചായത്തിലാണ് വീടുകൾക്ക് കനത്ത നാശം ഉണ്ടായത്. മൂന്ന് വീടുകൾ പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു.
മാടത്തിൽ വിളമന റോഡിലെ നാലരാൻ സലീമിന്റെ വീടാണ് പൂർണമായും തകർന്നത്. വിളമന കരിവെള്ളൂരിലെ നെട്ടൂർ ജാനകിയുടെ വീടിന്റെ മുക്കാൽ ഭാഗം മണ്ണിനടിയിലായി. വീടിന്റെ പിന്നിലെ കുന്ന് 15 മീറ്ററോളം ഇടിഞ്ഞ് വീട്ടിലേക്ക് വീഴുകയായിരുന്നു. വീടിന്റെ ഒരു മുറിയും ഭിത്തിയും തകർന്നു.
കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. വിളമന ഹെൽത്ത് സെന്ററിന് സമീപത്തെ ചുണ്ടക്കാട്ടിൽ രാമചന്ദ്രന്റെ വീട് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി. വീടിന്റെ പിന്നിലെ വലിയകുന്ന് വീട്ടിലേക്ക് പതിക്കുകയായിരുന്നു.
വീട്ടുകാരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. ഒരുവർഷം മുന്‍പ് നിർമാണം പൂർത്തിയാക്കിയതാണ് വീട്. വിളമനയിലെ കുറുവന്താനത്ത് ബിജു, ചേരിക്കൽ പ്ലാക്കൽ പവിത്രൻ എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നു. കല്ലുമുട്ടിയിലെ സെലീന മൻസിൽ സാജിദിന്റെ വീട് തെങ്ങു വീണ് ഭാഗികമായി തകർന്നു.
പായം പഞ്ചായത്തിലെ കിളിയന്തറയിൽ മാണി റോഡിൽ മാമ്പുള്ളി മോഹൻദാസിന്റെ വീടിന്റെ മതിൽ തകർന്നു. ഒറ്റക്കൊമ്പൻ ചാലിൽ ബിനു കുറവന്താനത്തിന്റെ വീടിന്റെ മതിൽ തകർന്നത് വീടുകൾക്ക് ഭീഷണിയായി മാറി. പായത്തെ എ.കെ. സുബൈദയുടെ വീടിനു മുകളിൽ മരം വീണു. വീടിന്റെ വിറക്പുര പൂര്‍ണമായും തകര്‍ന്നു.
അയ്യൻകുന്ന് വലിയപറമ്പ് കരിയിൽ തങ്കച്ചൻ പയ്യമ്പള്ളിയുടെ വീടിന്റെ മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര ഉൾപ്പെടെ പൂർണമായും തകർന്നു. വീട്ടിനുള്ളിൽ പിതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന അഞ്ചാം ക്ലാസുകാരൻ ക്രിസ്റ്റി വിൽസന് കാലിന് ആഴത്തിലുള്ള മുറിവേറ്റു.
അയ്യൻകുന്നിലെ എൺകുടം പൂവത്തിങ്കൽ വിൽസൺ പീറ്ററിന്റെ വീട്ടിനു മുന്നിലെ മതിലിടിഞ്ഞ് വീട് അപകട ഭീഷണിയിലായി. കരിക്കോട്ടക്കരി-വളയംകോട് റോഡിൽ കൂറ്റാരപ്പള്ളി തോമസിന്റെ മതിൽ ഇടിഞ്ഞു. 10 മീറ്ററോളം നീളത്തിലുള്ള മതിലാണ് ഇടിഞ്ഞു വീണത്. ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളപ്പുരപ്പാലത്തിന്റെ രണ്ട് സ്പാനുകളും ഉപരിതലവും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. 10 മീറ്ററോളം അനുബന്ധ റോഡും തകർന്നു.
പാലത്തിനു സമീപത്തെ പഞ്ചായത്തിന്റെ പമ്പ് ഹൗസ് പൂർണമായും തകർന്നു. മുണ്ടയാംപറമ്പിൽ അഞ്ചു വീടുകളിൽ വെള്ളം കയറി. രതി വെള്ളപ്പറമ്പിൽ, രാഘവൻ വെള്ളപ്പറമ്പിൽ, ഗംഗാധരൻ പുത്തൻപുരക്കൽ, ഗീതു പുത്തൻപുരക്കൽ, വിനീത് ഇടത്തിങ്കൽ, വാർഡ് അംഗം മിനി വിശ്വനാഥൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ആനപ്പന്തി ചെമ്പോത്തനാടി കവലയിൽ വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു.
പഴശി പർക്കിൽ വെള്ളം കയറി. പദ്ധതിയുടെ ഷട്ടർ ഉയർത്തിയപ്പോഴാണ് വെള്ളം കയറിയത്. ഇരിട്ടിതളിപ്പറമ്പ് സംസ്ഥാനപാതയിൽ കുയിലൂർ വളവിന് സമീപവും പൂവ്വത്തും മരം വീണ് വൈദ്യുത തൂണുകൾ തകർന്നു. പടയങ്ങോട് റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പായം റോഡിൽ കല്ലിപ്പറമ്പിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
ഇരിട്ടി വികാസ് നഗറിൽ എൻ.വി. ഉണ്ണികൃഷ്ണന്റെ വീടിനു മുകളിൽ മരംവീണ് ഭാഗികമായി തകർന്നു. വീട്ടിൽ ആളുകൾ ഇല്ലാത്തതിനാൽ ആളപായം ഒഴിവായി. കോളിക്കടവിൽ ഒലിയത്ത് ഹൗസിൽ മുകുന്ദന്റെ വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണു. മലയോരത്തെ പ്രധാന പട്ടണങ്ങളിലും ഗ്രാമ മേഖലയിലും തുടർച്ചയായി രണ്ടാം ദിവസവും വൈദ്യുതി ബന്ധം തകരാറിലായി.
എടൂർ-കരിക്കോട്ടക്കരി മലയോര ഹൈവേയിൽ വെമ്പുഴ കരകവിഞ്ഞ് ഒഴുകിയ സെമിത്തേരി കുന്നിന് സമീപം റോഡിലെ ടാറും മെറ്റലും ഒഴുകിപ്പോയ ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടു. തകർന്ന റോഡിൽ റിബൺ കെട്ടിത്തിരിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് സംവിധാനം ഒരുക്കി. പാലത്തിൽ വലിയ മരങ്ങളും മറ്റും ഒഴുകി തങ്ങി നിന്നതോടെയാണ് വെമ്പുഴ കരകവിഞ്ഞ് ഒഴുകി മലയോരഹൈവേയിൽ വെള്ളം കയറിയത്.
പ്രദേശത്തെ രണ്ട് വീടുകളിലും വെള്ളം കയറി. മഴ ശമിച്ചതോടെ പ്രദേശവാസികൾ പാലത്തിൽ കുടുങ്ങിയ മരങ്ങളും മറ്റും മുറിച്ചുമാറ്റി. മലയോര ഹൈവേയിൽ എടൂരിന് സമീപം വെമ്പുഴയിൽ നിർമാണം പുരോഗമിക്കുന്ന സംരക്ഷണഭിത്തിയുടെ അടിഭാഗം വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പുഴയിൽ നിന്നു കെട്ടിയ കരിങ്കൽ ഭിത്തിയുടെ അടിഭാഗമാണ് ഒഴുകിപ്പോയത്. ഇതോടെ മൂന്ന് മീറ്ററിൽ അധികം ഉയരത്തിൽ കെട്ടിയ സംരക്ഷണ ഭിത്തി തകർച്ചാ ഭീഷണിയിലാണ്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കരിങ്കൽ ഭിത്തിയും ഇടിഞ്ഞു.
എടപ്പുഴ അംബദ്കർ സങ്കേതത്തിൽ മോഹനന്റെ വീടിന് സമീപം ഉണ്ടായ ഉരുൾ പൊട്ടലിന് സമാനമായ മണ്ണിടിച്ചിലിൽ കൃഷി നാശം ഉണ്ടായി. വലിയ തോതിൽ മണ്ണിടിഞ്ഞു വീണെങ്കിലും മറ്റ് നാശനഷ്ടങ്ങൾ ഒന്നുമില്ല. എടപ്പുഴ ടൗണിലെ കെട്ടിടത്തിന്റെ തറയുടെ അടിഭാഗത്തെ കെട്ട് തകർന്നു. കെട്ടിടം ഭീഷണിയിലാണ്. മുണ്ടയാംപറമ്പിൽ കലയത്തിനാംകുഴി റെന്നിയുടെ കിണർ ഇടഞ്ഞു താണു. ജോണി താന്നിക്കൽ, ബിജു കളത്തുവീട്ടീൽ എന്നിവരുടെ വീടിന്റെ പിന്നിലെ മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയിലായി. അബ്രഹാം നിരപ്പേലിന്റെ വാഴക്കൃഷി നശിച്ചു.
ഉളിക്കൽ കോക്കാട്-പരിക്കളം റോഡിൽ വീണ മരം നാട്ടുകാരും ഫയർ ഫോഴ്സും എത്തി നീക്കം ചെയ്തു. ഉളിക്കൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റാണ് രാത്രിയിൽ വീശിയടിച്ചത്. നിരവധിയിടത്ത് ഒറ്റപ്പെട്ട മരം വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു. വയത്തൂർ പുഴയിൽ വെള്ളം ഉയർന്നതോടെ വയത്തൂർ മാണിക്കടവ് ചപ്പാത്ത് പാലങ്ങൾ വെള്ളത്തിൽ മുങ്ങി.
പടിയൂർ പഞ്ചയത്തിൽ കുയിലൂരിൽ റോഡരികിൽ നിർത്തിട്ട കാറിനു മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. കുയിലൂർ സ്വദേശി അനൂപിന്റെ കാറാണ് തകർന്നത്. ഈ മേഖലയിൽ വൈദ്യുത ലൈനു മുകളിലും മരം വീണതോടെ വൈദ്യുതി ബന്ധം പൂർണമായും നിശ്ചലമായി. ഇരിട്ടി ഫയർഫോഴ്സ് എത്തി മരം റോഡിൽ നിന്നു മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചരൾ വളവുപാറ റോഡിലും മണ്ണിടിഞ്ഞു. മണ്ണിടിച്ചിൽ തടയാൻ കയർ ഭൂവസ്ത്രം ധരിപ്പിച്ചിരുന്നു ഭാഗമാണ് ഇടിഞ്ഞ് വഴിയിലേക്ക് വീണത്.
കേളകം: ശനിയാഴ്ച രാത്രിയിൽ ഉണ്ടായ കനത്ത കാറ്റിൽ കേളകം കെഎസ്ഇബി ഓഫീസിന് സമീപം ആടുകാലിയിൽ ഷൈനിയുടെ വീടിന് മുകളിൽ മരം വീണ് വീടിനു കേടുപാട് സംഭവിച്ചു. ചെട്ടിയാംപറമ്പ് കൈതകോട്ട് ഉതുപ്പിന്റെ വീടിനാണ് മരം വീണ് കേടുപാട് സംഭവിച്ചത്.
മട്ടന്നൂർ: ശക്തമായ മഴയിൽ പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്നു മട്ടന്നൂരിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. 20 ലേറെ വീടുകളിലും എക്കറുക്കണക്കിന് കൃഷിയിടങ്ങളിലുമാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്.
മട്ടന്നൂർ നഗരസഭയിലെ മണ്ണൂർ ഭാഗത്ത് 13 വീടുകളിലും വെളിയമ്പ്ര, കൊട്ടാരം, പെരിയത്തിൽ മേഖലയിൽ ഏഴുവീടുകളിലുമാണ് വെള്ളം കയറിയത്. പാണലാട് പാക്കണ്ടി ഭാഗത്തെ ഒരു വീട്ടിലാണ് വെള്ളം കയറിയത്. വെള്ളം കയറിയതിനെ തുടർന്നു വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. വീട്ടുപകരണങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കൊട്ടാരം-പെരിയത്തിൽ റോഡും നായിക്കാലി മണ്ണൂർ റോഡും മുങ്ങി.
പാണലാട് വീടുകളിൽ വെള്ളം കയറിയത് ഇറങ്ങുന്നതനുസരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരെത്തി വീട് വൃത്തിയാക്കലും ആരംഭിച്ചു.