മാക്കൂട്ടം ചുരത്തിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു
1579336
Monday, July 28, 2025 12:51 AM IST
ഇരിട്ടി: തലശേരി മൈസൂരു അന്തർസംസ്ഥനപാതയിൽ മാക്കൂട്ടം ചുരത്തിൽ കഴിഞ്ഞ ദിവസം രാത്രി മരംവീണ് ഗതാഗതം പൂർണമായും സ്തംഭിച്ചു.
ചെറിയ വാഹനങ്ങൾക്കു പോലും കടന്നുപോകാൻ കഴിയാത്തവിധം റോഡിനു കുറുകെ മരം കടപുഴകി വീഴുകയായിരുന്നു. ഇതോടെ കനത്ത മഴയിൽ മണിക്കൂറുകളോളം വാഹനങ്ങൾ ചുരം റോഡിൽ കുടുങ്ങിക്കിടന്നു. ഇരിട്ടിയിൽനിന്നു രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കർണാടക വനമേഖലയിൽ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇന്നലെയും മഴ തുടരുന്നതുകൊണ്ട് ബാരാപോൾ പുഴയിൽ നീരൊഴുക്ക് ശക്തമായി തുടരുകയാണ്.