കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു
1579330
Monday, July 28, 2025 12:51 AM IST
തളിപ്പറമ്പ്: കരിമ്പം ഇടിസി കില കാന്പസിന് സമീപത്തെ കാർഗിൽ സ്ക്വയറിൽ കാർഗിൽ വിജയദിനാചരണവും നവീകരിച്ച കാർഗിൽ സ്തൂപത്തിന്റെ സമർപ്പണവും കാർഗിൽ വിജയത്തിന്റെ സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ ഉദ്ഘാടനവും നടന്നു. പ്രദേശത്തെ കക്ഷി രാഷ്ട്രീയഭേദമില്ലാത്ത ഒരുകൂട്ടം ചെറുപ്പക്കാരാണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ഇടിസി കില കാന്പസിന് സമീപം കാർഗിൽ സ്തൂപം സ്ഥാപിച്ചത്.
പിന്നീട് സ്തൂപത്തിന്റെ സംരക്ഷണ ചുമതല ഉദയ സ്വാശ്രയസംഘം ഏറ്റെടുക്കുകയായിരുന്നു. സ്തൂപത്തിന്റെ അറ്റകുറ്റപ്പണികൾ എക്സ് സർവിസ് മെൻ ലീഗ് പൂമംഗലം യൂണിറ്റിന്റെ സഹകരത്തോടെയാണ് പൂർത്തിയാക്കിയത്. നവീകരിച്ച സ്തൂപത്തിന്റെ സമർപ്പണം റിട്ട. ക്യാപ്റ്റൻ കുഞ്ഞികൃഷ്ണൻ നമ്പ്യാർ നിർവഹിച്ചു.
കാർഗിൽ യുദ്ധ വിജയത്തിന്റെ സിൽവർ ജൂബിലി സ്മാരകമായി ഉദയ സ്വാശ്രയ സംഘം നിർമിച്ച ബസ് ഷെർട്ടർ സംഘം മെംബർമാർ എല്ലാവരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘം പ്രസിഡന്റ് ബി.കെ. ബൈജു അധ്യക്ഷനായി. സ്തൂപത്തിൽ പുഷ്പാർച്ചനയും മജീഷ്യൻ വി.വി നാരായണന്റെ മാജിക്ക് ഷോയും മധുര പലഹാര വിതരണവും നടന്നു.
ചെറുപുഴ: പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥിയും ഇന്ത്യൻ ആർമി ജവാനുമായ സ്റ്റാർവിൻ ഷൈജുവിന്റെ അമ്മ ഏലിയാമ്മ ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കാർഗിൽ വിജയാഘോഷ റാലി നടത്തി. പ്രിൻസിപ്പൽ കെ.പി. നിഷ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി. റഷീദ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: പാടിയോട്ടുചാൽ വിആർ സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തി ൽ കാർഗിൽ വിജയ ദിന ആഘോഷവും ആദരവും സംഘടിപ്പിച്ചു. പാടിയോട്ടുചാലിലെ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. യോഗത്തിൽ വിആർ സോൾജിയേഴ്സ് പ്രസിഡന്റ് കെ.വി. വിജയൻ അധ്യക്ഷത വഹിച്ചു. ചെറുപുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാർഗിൽ യുദ്ധ യോദ്ധാവ് സി.എം. രാജേഷ്, ഇന്ത്യൻ ഹാൻഡ് ബോൾ താരം ശ്രീഹരി പ്രമോദ്, മുൻ ഹാൻഡ് ബോൾ താരവും പരിശീലകനുമായ ടി. പ്രമോദ് എന്നിവരെ ആദരിച്ചു.
ചെമ്പേരി: നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎക്സ് സിസി) ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 26-ാമത് കാർഗിൽ യുദ്ധ വിജയ ദിവസം ആചരിച്ചു. ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് തോമസ് വിഴിക്കിപ്പാറ ദേശീയ പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് ധീര സൈനികരുടെ ദീപ്ത സ്മരണയ്ക്കു മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചും യൂണിറ്റംഗങ്ങൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തി.