ആറളത്ത് രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ക്യാമ്പുകളിൽ 188 പേർ
1579335
Monday, July 28, 2025 12:51 AM IST
ഇരിട്ടി: ആറളം വനമേഖലയിൽ ഉരുൾ പൊട്ടിയതിനെത്തുടർന്ന് കക്കുവപുഴ കരകവിഞ്ഞ് പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ലെ വീടുകളിൽ വെള്ളം കയറിയതോടെ 188 പേരെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചു. ഫാം ബ്ലോക്ക് 11ലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 16 കുടുംബങ്ങളിൽ നിന്നുള്ള 101 പേരും ബ്ലോക്ക് 13 കമ്യൂണിറ്റി ഹാളിൽ 21 കുടുംബങ്ങളിൽ നിന്നുള്ള 87 പേരെയുമാണ് മാറ്റിപ്പാർപ്പിച്ചത്.
ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജി ജോൺ, ആറളം വില്ലേജ് ഓഫീസർ സുലോചന, ആദിവാസി പുനരധിവാസ മിഷൻ സൈറ്റ് മാനേജർ സി. ഷൈജു, റവന്യു ജീവനക്കരായ ലനീഷ്, കെ.കെ. സജീഷ് എന്നിവരുടെ നേതൃത്വത്തിലാണു ക്യാമ്പ് പ്രവർത്തിക്കുന്നത്. രണ്ടുദിവസത്തിനിടയിൽ ഇരിട്ടി താലൂക്കിൽ ഇരുപതോളം വീടുകൾ ഭാഗികമായി തകർന്നതായും ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായും തഹസിൽദാർ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിലും
ദുരിതാശ്വാസ ക്യാമ്പിലും
ആർആർടിയും ടാസ്ക് ഫോഴ്സും
ഇരിട്ടി: മഴവെള്ളത്തിൽ മുങ്ങിയ പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ൽ പുഴയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾക്ക് ഉടൻ സഹായവുമായി ആർആർടിയും ടാസ്ക് ഫോഴ്സും.
വെള്ളം കൂടുതലായി ഉയരുന്നത് കണ്ടതോടെ ടാസ്ക് ഫോഴ്സ് പ്രവർത്തക ശ്രുതിയും പ്രൊമോട്ടർമാരും ചേർന്ന് ആർആർടിയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്നാണ് കൊട്ടിയൂർ ആറളം റേഞ്ചിലെ കൂടുതൽ സേന സ്ഥലത്തെത്തി കുടുംബങ്ങളെ സുരക്ഷിതമായി ആർആർടി ഓഫീസ് പരിസരത്തേക്കു മാറ്റിയത്. തുടർന്ന് ടാസ്ക് ഫോഴ്സും പഞ്ചായത്തംഗം മിനി ദിനേശനും ചേർന്ന് സപ്ലൈകോ കെട്ടിടത്തിലേക്ക് മാറ്റിയത്.
ടിആർഡിഎം സ്റ്റാഫുകളും മറ്റ് സന്നദ്ധ പ്രവർത്തകരും ചേർന്ന് ആർആർടി ഓഫീസിൽ നിന്ന് ഇവർക്കുള്ള ഭക്ഷണങ്ങൾ പാകം ചെയ്തു. വൈദ്യുത ലൈനിൽ വീണ മരങ്ങൾ മുറിച്ചു മാറ്റുന്നതിലും റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിലും വനംവകുപ്പ് വളരെ വേഗത്തിൽ പ്രവർത്തിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേലായുധൻ, ബ്ലോക്ക് പഞ്ചായത്തംഗം വി. ശോഭ എന്നിവർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.