കണ്ണൂർ വിമാനത്താവളത്തിൽ സോളാർ പവർ പ്ലാന്റ് നിർമാണം തുടങ്ങി
1579603
Tuesday, July 29, 2025 2:42 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നാലു മെഗാവാട്ടിന്റെ സോളാർ പ്ലാന്റിന്റെ നിർമാണ പ്രവൃത്തിയാരംഭിച്ചു. കിയാൽ എംഡി സി.ദിനേശ് കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജയകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയയിലും പരിസര പ്രദേശങ്ങളിലുമാണ് സോളാർപവർ പ്ലാന്റ് സ്ഥാപിക്കുന്നത്. കിയാലും ഓറിയാന പവർ എന്ന കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
വിമാനത്താവളത്തിലെ വൈദ്യുതി ചാർജ് ഇനത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടാക്കാൻ സോളാർ പദ്ധതി പ്രകാരം സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ പദ്ധതിയുടെ നിർമാണം പൂർത്തിയാകും. എൻജിനീയറിംഗ് ഹെഡ് അബ്ദുൾ സലാം, കിയാൽ സിഒഒ അശ്വനി കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.