100 ദിന കർമപദ്ധതികളുമായി പയ്യാവൂർ പഞ്ചായത്ത്
1579327
Monday, July 28, 2025 12:51 AM IST
പയ്യാവൂർ: ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ നാലുമാസം മാത്രം ബാക്കിനിൽക്കേ വികസനത്തിന് വേഗം കൂട്ടാൻ 100 ദിന കർമപദ്ധതികളുമായി പയ്യാവൂർ പഞ്ചായത്ത്. ഈമാസം മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവാണ് പദ്ധതി നടപ്പാക്കുന്നത്.
സമ്പൂർണ ഭവന പദ്ധതി നടപ്പാക്കൽ, സൗരോർജ തൂക്കുവേലി രണ്ടാംഘട്ടം പൂർത്തീകരിച്ച് ചാർജ് ചെയ്യൽ, ബഡ്സ് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണ പൂർത്തീകരണം, ബഡ്സ് സ്കൂൾ കുട്ടികളുടെ അമ്മമാരുടെ ചപ്പാത്തി നിർമാണ യൂണിറ്റ് ആരംഭിക്കൽ, ബഡ്സ് സ്കൂളിന് ബസ് വാങ്ങൽ, പൊന്നുംപറമ്പ്, ചന്ദനക്കാംപാറ സ്റ്റേഡിയങ്ങളുടെ ആധുനികവത്കരണ പ്രവർത്തനങ്ങൾ, ചന്ദനക്കാംപാറ, വഞ്ചിയം പിഎച്ച്സി കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനം, സ്ത്രീകൾക്ക് യോഗപരിശീലനം, സീറോ അനീമിക് പഞ്ചായത്ത് പ്രവർത്തനങ്ങൾ, കാട്ടുപന്നികളെ നിയമവിധേയമായി നിഗ്രഹിക്കാൻ തോക്കുടമകൾക്ക് ഷൂട്ടർ ലൈസൻസും അനുമതിയും നല്കൽ, സ്കൂളുകളിൽ കൗൺസലിംഗ് സംവിധാനം ഉൾപ്പെടെ 40 പദ്ധതികൾ പഞ്ചായത്തിൽ യാഥാർഥ്യമാകും.
പയ്യാവൂർ പട്ടയമേളയുടെ ഭാഗമായി പഞ്ചായത്ത് ഏർപ്പെടുത്തിയ ഹെൽപ് ഡസ്കിലൂടെ നിരവധി അപേക്ഷകൾ സുതാര്യമായി ലാൻഡ് ട്രൈബ്യൂണലിലേക്ക് എത്തിച്ചുവരികയാണ്. വീട്ടുമുറ്റത്ത് ഓട്ടോയെങ്കിലും പദ്ധതിയിലൂടെ റോഡുകൾ തുറക്കുന്ന പ്രവർത്തനവും പുരോഗമിച്ചുവരുന്നു. പയ്യാവൂർ മാംഗല്യം എന്ന പേരിൽ സമൂഹ വിവാഹം സംഘടിപ്പിക്കും. ഇതിന്റെ അണിയറ പ്രവൃത്തികൾ നടന്നു വരികയാണ്. ഇതടക്കം 40 പദ്ധതികളാണ് ലക്ഷ്യം വയ്ക്കുന്നത്.