കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരേ വ്യാപക പ്രതിഷേധം
1579332
Monday, July 28, 2025 12:51 AM IST
സജീവ് ജോസഫ് എംഎൽഎ
കണ്ണൂർ: അസീസി സന്യാസിനി സമൂഹത്തിൽപ്പെട്ട ഉദയഗിരിയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി സ്വദേശിനി സിസ്റ്റർ പ്രീതി മേരിയെയും ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അകാരണമായി മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകൾ ചേർത്ത് അറസ്റ്റു ചെയ്തു ജയിലിൽ അടച്ച സംഭവത്തിൽ സജീവ് ജോസഫ് എംഎൽഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രായപൂർത്തിയായ പെന്തിക്കോസ്ത് സഭാ വിഭാഗത്തിൽപ്പെട്ട മൂന്നു യുവതികളെ മാതാപിതാക്കളുടെ ആവശ്യപ്രകാരം കോൺവെന്റിലെ ജോലിക്ക് വേണ്ടി കൂട്ടിക്കൊണ്ടുപോകുന്ന വഴിയിൽ ആണ് ദുർഗ് റെയിൽവേ സ്റ്റേഷനിലെ ബജ്റംഗദൾ അനുഭാവിയായ റെയിൽവേ ടിക്കറ്റ് എക്സാമിനർ സ്ഥലത്തെ ബജ്റംഗദൾ സംഘത്തെ വിളിച്ചുവരുത്തി ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തിട്ടുള്ളത്. ഇതിൽപ്പെട്ട ഒരു യുവതിയെ മർദിച്ചു ഭീഷണിപ്പെടുത്തിയാണ് അവരിൽനിന്നും പരാതി എഴുതിവാങ്ങിയത്.
മാതാപിതാക്കൾ പഞ്ചായത്ത് പ്രസിഡന്റുമായി പോലീസിൽ ഹാജരായി നിരപരാധികളായ സിസ്റ്റേഴ്സിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ കള്ളക്കേസിൽപ്പെടുത്താനാണ് ശ്രമിച്ചത്. സിസ്റ്റർമാരുടെ മോചനത്തിനായി മുഖ്യമന്ത്രി വഴിയും, കെ. സി. വേണുഗോപാൽ എംപി മുഖേനയും ശ്രമം നടത്തി വരികയാണെന്ന് ഉദയഗിരിയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ വീട് സന്ദർശിച്ച സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ പിടി മാത്യു, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, തോമസ് വർഗീസ്, ജോസ് വട്ടമല, ജോസ് പറയംകുഴി എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
സോണി സെബാസ്റ്റ്യൻ
( കെപിസിസി ജനറൽ
സെക്രട്ടറി )
കണ്ണൂർ: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം നിർഭാഗ്യകരവും വേദനജനകവുമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ പറഞ്ഞു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ച ബജ്റംഗ്ദൾ നടപടി സംഘ്പരിവാർ അജൻഡയുടെ ഭാഗമാണ്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്ന ഇവർക്കെതിരേ ശക്തമായ ജനവികാരം ഉയർന്നു വരേണ്ടിയിരിക്കുന്നു. സിസ്റ്റർമാരെ മോചിപ്പിക്കാൻ കേരള സർക്കാരും കേരളത്തിൽനിന്നുള്ള എംപിമാരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സംഭവം അപലപനീയം: യൂത്ത് ഫ്രണ്ട് -എം
കണ്ണൂർ: മലയാളികളായ കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റു ചെയ്ത് ജുഡീഷ്യൽ റിമാൻഡിലാക്കിയ സംഭവം രാജ്യത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന് അപമാനമാണെന്ന് കേരള യൂത്ത് ഫ്രണ്ട് -എം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെമ്പാടും ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ സംഭവത്തെ മനഃസാക്ഷിയുള്ളവർക്ക് കാണാൻ കഴിയൂ.
മതന്യൂനപക്ഷങ്ങൾക്കെതിരായ നീതി നിഷേധത്തിൽ യോഗം ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എബിൻ കുമ്പുക്കൽ അധ്യക്ഷത വഹിച്ചു. റോഹൻ പൗലോസ്, ടോമിൻ തോമസ് പോൾ, റോഷൻ ഓലിക്കൽ, ജോബിൻ കൊല്ലിത്താനം, കിഷോർ ചൂരനോലിൽ, മെൽബിൻ പാമ്പക്കൽ, ഷിന്റോ കൈപ്പനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
അത്യന്തം പ്രതിഷേധാർഹം: പാസ്റ്ററൽ കൗൺസിൽ
തലശേരി: ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം അങ്ങേയറ്റം നിർഭാഗ്യകരവും വേദനജനകവുമാണെന്ന് തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അത്യന്തം പ്രതിഷേധാർഹമാണ്. രാജ്യത്ത് വൈദികർക്കും സന്യസ്തർക്കും എതിരെ സംഘടിതമായി നടക്കുന്ന ഇത്തരം ദുരാരോപണങ്ങളും പോലീസ് നടപടികളും വേദനിപ്പിക്കുന്നതും അപലപനീയവുമാണെന്ന് പാസ്റ്ററൽ കൗൺസിൽ പ്രമേയത്തിൽ പറഞ്ഞു. ഇത്തരം നടപടികളുമായി മുന്നോട്ട് പോവുന്ന ശക്തികൾക്കെതിരെ ശക്തമായ ജനവികാരം ഉയർന്നു വരേണ്ടിയിരിക്കുന്നു. അടുത്തകാലത്തായി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടാവുന്ന ആക്രമണസംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്.
അന്യായമായി തടങ്കിൽ വച്ചിട്ടുള്ള തലശേരി ഉദയഗിരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവരെ അടിയന്തരമായി മോചിപ്പിക്കാൻ കേരള സർക്കാരും കേരളത്തിൽ നിന്നുള്ള എംപിമാരും കേന്ദ്രസർക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ ആവശ്യപ്പെട്ടു.