ജലസ്രോതസിൽ ഡീസലിന്റെ സാന്നിധ്യം; പെട്രോൾ പമ്പിലെ ലീക്കെന്ന് നാട്ടുകാർ
1579322
Monday, July 28, 2025 12:51 AM IST
ഇരിട്ടി: കരിക്കോട്ടക്കരിക്ക് സമീപം വലിയപറമ്പുംകാരിയിലെ ജലസ്രോതസിൽ ഡീസലിന്റെ സാന്നിധ്യവും മണവും അനുഭവപ്പെട്ടു. ഇതോടെ സമീപത്തെ പെട്രോൾ പമ്പിൽ നിന്നുള്ള ഡീസൽ വെള്ളത്തിൽ കലരുന്നതാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തുകയും ചെയ്തു.
രണ്ടു കിലോമീറ്റർ ദൂരത്തിലുള്ള കുണ്ടൂർ പുഴയിൽ നിന്നും ഭൂമിക്ക് അടിയിലൂടെ ഒഴുകി എത്തുന്ന വെള്ളം വെളിയിലേക്ക് തള്ളുന്നിടത്താണ് ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ 15 ദിവസമായി മണവും ഡീസലിന്റെ സാന്നിധ്യവും വെള്ളത്തിന് മുകളിൽ കാണാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം മഴ ശക്തമായതോടെ ഡീസലിന്റെ സാന്നിധ്യം കൂടുതൽ അനുഭവപ്പെടുകയും താഴെ ഭാഗത്തു താമസിക്കുന്ന രണ്ടുപേർക്ക് അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തിൽ പോലീസിലും, പഞ്ചായത്തിലും, വില്ലേജിലും നാട്ടുകാർ പരാതി നൽകി. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ സിബി വാഴക്കാല, സജി മച്ചിത്താന്നി, മിനി വിശ്വനാഥൻ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു.
സ്റ്റോക്കിൽ കുറവ്
വരുന്നില്ല: പമ്പ് അധികൃതർ
വെള്ളത്തിൽ ഡീസൽ കലരുന്നതായി ജനങ്ങൾ പരാതി പറയുന്നുണ്ടെങ്കിലും പമ്പിലെ ഡീസലിന്റെ സ്റ്റോക്കിൽ കുറവില്ലെന്നാണ് പമ്പ് അധികൃതർ നല്കുന്ന വിശദീകരണം. വിദഗ്ധ സംഘമെത്തി പരിശോധന നടത്തിയാൽ മാത്രമേ യാഥാർഥ്യം കണ്ടെത്താൻ കഴിയുകയുള്ളൂ.